റോമയുടെ ഇതിഹാസ താരം ഡാനിയേൽ ഡി റോസ്സി റോമിലേക്ക് തിരികെയെത്തുന്നു. ക്ലബ്ബിന്റെ ടെക്ക്നിക്കൽ സ്റ്റാഫായിട്ടാകും ഡി റോസ്സി തിരികെയെത്തുകയെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ കൺസോർഷ്യമായ ഫ്രെഡ്കിൻ ഗ്രൂപ്പ് എ എസ് റോമ വാങ്ങിയതിന് ശേഷമാകും ഡി റോസ്സി തിരികെയെത്തുക എന്നാണ് റിപ്പൊർട്ടുകൾ. നിലവിൽ അർജന്റീനയിൽ ബൊക്ക ജൂനിയേഴ്സിന്റെ താരമാണ് ഡി റോസ്സി.
റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലോട്ടയുടെ നിർബന്ധപ്രകാരമാണ് ഡി റോസ്സി റോം വിട്ടത്. ഇതേ തുടർന്ന് കനത്ത പ്രതിഷേധമാണ് റോമാ ആരാധകർ ഉയർത്തിയത്. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.