ഡിയാഗോ ഡാലോടിനായി റയൽ മാഡ്രിഡും രംഗത്ത്

പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോടിനെ സ്വന്തമാക്കാനായി ലലിഗ ക്ലബായ റയൽ മാഡ്രിഡും ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. 21കാരനായ താരത്തിന്റെ അണ്ടർ 21 യൂറോ കപ്പിലെ പ്രകടനവും അതു കഴിഞ്ഞു യൂറോ കപ്പിൽ നടത്തിയ പ്രകടനവും ആണ് റയലിന്റെ ശ്രദ്ധ താരത്തിൽ എത്തിച്ചത്. സീരി എ ക്ലബായ എ സി മിലാനും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു കഴിഞ്ഞ സീസണിൽ ലോണിൽ എ സി മിലാനിൽ കളിച്ച ഡാലോട്ട് അവിടെ ഗംഭീര പ്രകടനം നടത്തിയിരുന്നു. 20 മില്യൺ നൽകിയാൽ ഡാലോട്ടിനെ യുണൈറ്റഡ് വിട്ടു നൽകാൻ സാധ്യതയുണ്ട്. യുണൈറ്റഡ് ഒരു സീസണിൽ ഡാലോട്ടിനെ ക്ലബിൽ തന്നെ നിലനിർത്താനും ആലോചിക്കുന്നുണ്ട്. താരത്തിന്റെ ഏജന്റുമായി ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് റയലും മിലാനും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ യുവതാരത്തിന് യുണൈറ്റഡിൽ തന്റെ മികവ് തെളിയിക്കാൻ ആയിരുന്നില്ല. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.