ചെൽസിയിലേക് മടങ്ങുന്ന പരിശീലകൻ ഫ്രാങ്ക് ലംപാർഡിന് പകരക്കാരനെ തേടി ഡർബി ഹോളണ്ടിൽ. മുൻ ഹോളണ്ട് ദേശീയ താരം ഫിലിപ്പ് കൊക്കുവിനെ പരിശീലകനായി നിയമിക്കാൻ ഡർബി ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. 48 വയസുകാരനായ കൊക്കു മുൻ ബാഴ്സലോണ മധ്യനിര താരമാണ്.
2008 ൽ വിരമിച്ച അദ്ദേഹം പിന്നീട് ഹോളണ്ട് ദേശീയ ടീം പരിശീലകനായിരുന്ന മാർവിക്കിനൊപ്പം സഹ പരിശീലകനായി. 2018 ൽ പിഎസ്വി യുടെ താത്കാലിക പരിശീലകനായ അദ്ദേഹം 2013 മുതൽ 2018 വരെ സ്ഥിരം പരിശീലകനായി. 2014-2015 ൽ ഡച് ലീഗിലെ അയാക്സിന്റെ മേധാവിത്വം അവസാനിപ്പിച്ച് കൊക്കു പി എസ് വിയെ ചാമ്പ്യന്മാരാക്കി. പിന്നീടുള്ള 2 സീസണുകളിലും അവരെ ചാമ്പ്യന്മാരാക്കി നിലനിർത്താൻ കൊക്കുവിനായി. പക്ഷെ പിന്നീട് ഫെനർബാഷേയിലേക്ക് പോയ കൊക്കുവിന് അവിടെ വിജയങ്ങൾ ആവർത്തിക്കാനായില്ല.
ലംപാർഡ് ചെൽസി പരിശീലകനായി നിയമിതനായാൽ ഒട്ടും വൈകാതെ ഡർബി കൊക്കുവിനെ പരിശീലകനായി നിയമിക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചെൽസിയുമായി ചർച്ചകൾ നടത്താൻ ലംപാർഡിന് ഡർബി അനുമതി കൊടുത്തതോടെ പരിശീലകൻ ഇല്ലാതെയാണ് ഡർബിയുടെ പ്രീ സീസൺ പരിശീലനം നടക്കുന്നത്.