അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമ്പാട്ടി റായിഡു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് സ്ക്വാഡില്‍ ഇടം ലഭിക്കാതിരുന്ന ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു. ഐപിഎല്‍ 2018ലെ മികച്ച ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ റായിഡു ഇന്ത്യയുടെ നാലാം നമ്പറിനുള്ള ഉത്തരമെന്ന് പരക്കെ വാഴ്ത്തപ്പെട്ട താരമായിരുന്നു. എന്നാല്‍ 2019ല്‍ ഫോം ഔട്ടിനെത്തുടര്‍ന്ന് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ സ്ഥാനം താരത്തിന് നഷ്ടമായി.

റായിഡുവിന് പകരം ബിസിസിഐ വിജയ് ശങ്കറിനെ പരിഗണിച്ചു. ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ ഋഷഭ് പന്തിനെയും പിന്നീട് വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ മയാംഗ് അഗര്‍വാളിനെയും ഇന്ത്യ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോള‍ും റായിഡുവിനെ പരിഗണിക്കാത്തതാവും താരത്തിന്റെ ധൃതി പിടിച്ചുള്ള തീരുമാനത്തിന് പിന്നില്‍. ഐപിഎല്‍ 2019ലും താരം ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്.

റായിഡുവിന് പകരം നാലാം നമ്പറിലേക്ക് പരിഗണിച്ച വിജയ് ശങ്കറിന് കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ലോകകപ്പില്‍ കഴിഞ്ഞിരുന്നില്ല. വിജയ് ശങ്കര്‍ 3D താരമാണെന്ന മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദിന്റെ അഭിപ്രായത്തെ താരം പരിഹസിച്ചിരുന്നു. ട്വിറ്ററില്‍ അന്ന് റായിഡു കുറിച്ച ട്വീറ്റ് ഇതായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ലോകകപ്പിനിടെ രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റിട്ടും നാലാം നമ്പറില്‍ കളിച്ചിരുന്ന രാഹുല്‍ ഓപ്പണിംഗിലേക്ക് മാറിയിട്ടും റായിഡുവിനെ പരിഗണിക്കാത്തത് ഈ ട്വീറ്റും ഒരു കാരണം ആയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്നെ ഇനി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബോധ്യം താരത്തിന് വന്നതാവും പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍.