കവാനി ബാഴ്സലോണയിലേക്ക് അടുക്കുന്നു, ജനുവരിയിൽ തന്നെ ട്രാൻസ്ഫർ നടന്നേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ എഡിസൻ കവാനി ബാഴ്സലോണയിലേക്ക് അടുക്കുന്നു. കവാനിയെ ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ബാഴ്സലോണ ഇപ്പോൾ ഒന്നര വർഷം നീണ്ടു നിൽക്കുന്ന കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് ലഭിക്കുന്ന കരാറിനേക്കാൾ വലിയ കരാറാണ് ഇത്‌. ഈ കരാർ കവാനി അംഗീകരിച്ചതായാണ് വിവരം. എന്നാൽ ഇതുവരെ ബാഴ്സലോണ യുണൈറ്റഡുമായി ചർച്ചകൾ നടത്തിയിട്ടില്ല. ജനുവരിയിലേക്ക് താരത്തെ സ്വന്തമാക്കണം എങ്കിൽ ബാഴ്സലോണ യുണൈറ്റഡിന് ചെറിയ തുക നൽകേണ്ടി വരും.

സെർജിയോ അഗ്വേറോ വിരമിച്ചതിനാൽ പകരം ഒരു സ്ട്രൈക്കറെ അന്വേഷിക്കുകയാണ് ബാഴ്സലോണ ഇപ്പോൾ. ഈ സീസണിൽ പരിക്ക് കാരണം കവാനി അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. മാഞ്ചസ്റ്ററിലെ പുതിയ പരിശീലകൻ റാൾഫിന്റെ താല്പര്യം പോലെയാകും കവാനിയുടെ ബാഴ്സലോണ നീക്കം നടക്കുമോ ഇല്ലയോ എന്ന് തീരുമാനമാക്കുക. ഇപ്പോൾ കവാനിയെ സ്വന്തമാക്കാൻ ആവില്ല എങ്കിൽ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാനും ബാഴ്സലോണ ശ്രമിക്കും.