മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം ഏഞ്ചൽ ഗോമസ് ക്ലബ് വിട്ട് പോകുമെന്ന് ക്ലബിന്റെ ഭീതി കൂടുന്നു. താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത് പുതിയ കരാറും താരം തള്ളിയതായാണ് വിവരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കിട്ടുമെന്ന് ഉറപ്പ് ലഭിക്കാത്തതാണ് താരം കരാർ ഒപ്പുവെക്കാതിരിക്കാൻ കാരണം. മാഞ്ചസ്റ്റർ വിടാൻ ഒരുങ്ങുന്ന താരം ഇപ്പോൾ ചെൽസിയുമായി ചർച്ചയിലാണ്.
ലമ്പാർഡിന് കീഴിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം കിട്ടുമെന്ന പ്രതീക്ഷയാണ് ഗോമസിനെ ചെൽസിയിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ പ്രശ്നങ്ങൾ നൽകും. മുമ്പ് പോഗ്ബ ക്ലബ് വിട്ട് വൻ താരമായത് പോലെ ഗോമസും വലിയ താരമാകും എന്ന് യുണൈറ്റഡ് ഭയപ്പെടുന്നുണ്ട്. അത്ര നല്ല ഭാവി പ്രവചിക്കപ്പെടുന്ന താരമാണ് ഗോമസ്.
സാഞ്ചോ, ഗ്രീലിഷ് എന്നിവരെയൊക്കെ സൈൻ ചെയ്താൽ എങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് അവസരം കിട്ടും എന്ന് ഗോമസ് ഭയപ്പെടുന്നുണ്ട്. ജൂൺ 23നകം കരാർ ഒപ്പുവെച്ചില്ല എങ്കിൽ താരം ഫ്രീ ഏജന്റായി മാറും. ചെൽസിക്ക് ഒപ്പം ആഴ്സണൽ, ബാഴ്സലോണ, ഡോർട്മുണ്ട് എന്നിവരും താരത്തിനായി രംഗത്തുണ്ട്.