ടീം വിടാൻ സന്നദ്ധൻ, യുവന്റസിനോട് നാല് മില്യൺ ആവശ്യപ്പെട്ട് റാംസി

കരാർ അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കി നിൽക്കെ യുവന്റസിൽ നിന്നും പുറത്തു കടക്കാൻ ആരോൺ റാംസി. റേഞ്ചേഴ്‌സിലേക്ക് കൈമാറാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ താരവുമായുള്ള കരാർ റദ്ദാക്കാൻ യുവന്റസും സന്നദ്ധരാണ്. നാല് മില്യൺ യൂറോയാണ് താരം യുവന്റസിനോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇത്ര ഉയർന്ന തുക നൽകാൻ യുവന്റസ് സന്നദ്ധരാവുമോ എന്നുറപ്പില്ല. ഏകദേശം 2 മില്യൺ യൂറോ വെയിൽസ് താരത്തിന് നൽകാനാണ് യുവന്റസ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകൾ.

2019 ൽ യുവന്റസിലെത്തിയ താരത്തിന് പരിക്ക് മൂലം പലപ്പോഴും ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആകെ എഴുപതോളം മത്സരങ്ങളിൽ മാത്രമാണ് മൂന്ന് സീസണുകളിലായി ഇറങ്ങാൻ സാധിച്ചത്. അവസാന സീസണിൽ റേഞ്ചേഴ്‌സിൽ ലോണിൽ കളിക്കുകയായിരുന്നു. കൈമാറ്റം സ്ഥിരമാക്കാൻ താരവും യുവന്റസും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിടെയാണ് കരാർ റദ്ദാക്കാനുള്ള സാധ്യതകളിലേക്ക് കടന്നത്. ടീമിലെ ഉയർന്ന സാലറി നേടുന്ന താരങ്ങളിൽ ഒരാളാണ് റാംസി. കാർഡിഫ് അടക്കമുള്ള ക്ലബുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ട്.