ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌ന്റെ (പിഎസ്ജി) ഫോർവേഡ് റാൻഡൽ കോലോ മുവാനിയെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പർ ധാരണയായി. ഈ സീസൺ മുഴുവൻ താരം ടോട്ടൻഹാമിൽ കളിക്കും. കരാർ പ്രകാരം സീസൺ അവസാനിക്കുമ്പോൾ താരത്തെ സ്ഥിരമായി ടീമിൽ നിലനിർത്തുന്നതിനുള്ള വ്യവസ്ഥകളൊന്നും നിലവിൽ ഇല്ല.
കരാറിന് താരം സമ്മതം മൂളിയെന്നും വൈദ്യപരിശോധനകൾക്കായി ലണ്ടനിലേക്ക് തിരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 26-കാരനായ കോലോ മുവാനി 2024-25 സീസണിന്റെ രണ്ടാം പകുതിയിൽ യുവന്റസിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. അവിടെ 22 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിരുന്നുവെങ്കിലും പിഎസ്ജിയിൽ ലൂയിസ് എൻറിക്വെയ്ക്ക് കീഴിൽ താരത്തിന് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.
റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച ഡൊമിനിക് സോളാങ്കിയുടെ പരിക്ക് ടീമിന് വലിയ തിരിച്ചടിയായിരുന്നു. അടുത്തിടെ ബേൺമൗത്തിനെതിരായ മത്സരത്തിൽ 1-0ന് ടീം പരാജയപ്പെട്ടിരുന്നു. നിലവിൽ റിച്ചാർലിസൺ മാത്രമാണ് ടീമിലുള്ള പ്രധാന സ്ട്രൈക്കർ. കോലോ മുവാനിയുടെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്നാണ് മാനേജർ തോമസ് ഫ്രാങ്ക് പ്രതീക്ഷിക്കുന്നത്.