സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസുമായി വേർപിരിഞ്ഞതിന് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായുള്ള തിരച്ചിൽ ആരംഭിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഇപ്പോൾ മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഖാലിദ് ജമീൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യൻ പരിശീലകൻ സ്റ്റെഫാൻ ടാർകോവിച്ച് എന്നിവരാണവർ. 170ൽ അധികം അപേക്ഷകളിൽ നിന്നാണ് 3 പേരിലേക്ക് എ ഐ എഫ് എഫ് എത്തിയത്.

അന്തിമ തീരുമാനത്തിനായി ഈ മൂന്ന് പേരുകളും AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഐഎസ്എൽ പ്ലേഓഫിൽ ഒരു ടീമിനെ നയിച്ച ആദ്യ ഇന്ത്യൻ പരിശീലകനാണ് ഖാലിദ് ജമീൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ ടീമുകളുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.
ഇന്ത്യൻ ഫുട്ബോളിൽ സുപരിചിതമായ പേരാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ. അദ്ദേഹം മുമ്പ് രണ്ട് തവണ ദേശീയ ടീമിനെ പരിശീലിപ്പിക്കുകയും, അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യയുടെ ഫിഫ റാങ്കിംഗിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
യുവേഫ യൂറോ 2020-ൽ സ്ലോവാക്യയെ പരിശീലിപ്പിച്ച സ്റ്റെഫാൻ ടാർകോവിച്ച്, മികച്ച അന്താരാഷ്ട്ര പരിചയസമ്പത്തും തന്ത്രപരമായ അച്ചടക്കവും കൊണ്ടുവരുന്നു.