മലപ്പുറം: താജിക്കിസ്ഥാൻ മുന്നേറ്റതാരം കമ്രോൺ തുർസനോവിനെ സൈൻ ചെയ്ത് മലപ്പുറം എഫ്.സി. ഐ-ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഈ താരത്തിന്റെ വരവ് ക്ലബിന്റെ ആക്രമണ നിരയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം പരിചയ സമ്പത്തുള്ള കളിക്കാരൻ കൂടിയാണ് തുർസനോവ്. താരത്തിന്റെ വേഗതയും ഫിനീഷിംഗും സെറ്റ്പീസുകൾ എടുക്കുന്നതിലെ മികവും ടീമിന് ഗുണകരമാവും.
2019-ൽ ഇന്ത്യയിൽ കളിക്കാൻ എത്തിയ തുർസനോവ് ആദ്യ സീസണിൽ തന്നെ മോഹൻ ബഗാൻറെ കൂടെ ഐ-ലീഗ് കിരീടം നേടുകയും ആരാധകരുടെ പ്രിയതാരമായി മാറുകയും ചെയ്തു. തുടർന്ന് ട്രാവു എഫ്.സി, രാജസ്ഥാൻ യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ്,ഗോകുലം കേരള എന്നീ ടീമുകൾക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2023-24 സീസണിൽ ഗോകുലം കേരളക്കായി 6 ഗോളുകളും 2 അസിസ്റ്റും താരം നേടി. ഐ-ലീഗിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയ കളിക്കാരൻ കൂടിയാണ് തുർസനോവ്. 2021ൽ ട്രാവു എഫ്സിക്കു വേണ്ടി റിയൽ കശ്മീരിനെതിരെ വെറും 9 സെക്കൻഡിലാണ് അദ്ദേഹം സ്കോർ ചെയ്തത്.
എഫ്‌സി റീഗർ ടഡാസ്, എഫ്സി ഇസ്തിക്‌ലോൽ, എഫ്.കെ ഖുജാന്ദ്,റവ്ഷാൻ കുലോബ് തുടങ്ങിയ താജികിസ്ഥാൻ ടീമുകൾക്കും വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. ഇന്തോനേഷ്യൻ ക്ലബായ ഡെജൻ എഫ്‌സിയിലും താരം കളിച്ചിട്ടുണ്ട്.സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി തയ്യാറെടുക്കുന്ന മലപ്പുറം എഫ്.സി മികച്ച സ്ക്വാഡിനെ തന്നെയാണ് ഒരുക്കുന്നത്.