ഹൈദരാബാദ് എഫ്സിയുടെ മലയാളി യുവതാരം അഭിജിത്ത് പി.എ ഇനി മലപ്പുറം എഫ്.സിയുടെ ജേഴ്സിയണിയും. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് 22കാരനായ ഈ മധ്യനിര താരം. കേരളത്തിന് വേണ്ടി ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ തിളങ്ങിയത് വഴിയാണ് 2023ൽ ഹൈദരാബാദ് എഫ്.സിയുടെ റിസർവ് ടീമിലേക്ക് അഭിജിത്തിനെ സൈൻ ചെയ്തത്. തുടർന്ന് താരം ക്ലബിന്റെ ഏറ്റവും പ്രതീക്ഷയുള്ള യുവ മിഡ്ഫീൽഡറായി മാറുകയും ചെയ്തു.

ഡെവലപ്മെന്റ് ലീഗിൽ ടീമിൻറെ ടോപ് സ്‌കോററായ അഭിജിത്ത് ഐ-ലീഗ് സെക്കൻഡ് ഡിവിഷനിലും റിസർവ് ടീമിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തെ തുടർന്ന് താരത്തെ ഹൈദരാബാദ് എഫ്സിയുടെ സീനിയർ ടീമിലേക്ക് പ്രമോട്ട് ചെയ്യുകയായിരുന്നു.സൂപ്പർ കപ്പിലൂടെയാണ് അഭിജിത്ത് സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്, പിന്നീട് 2024ൽ ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തുടർന്നുള്ള മത്സരങ്ങളിൽ മധ്യനിരയിൽ തുടർച്ചയായി അവസരം ലഭിച്ചു. ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി 24ഓളം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
മധ്യനിരയിൽ നിന്ന് മുന്നേറ്റത്തിനും പ്രതിരോധത്തിനും ഒരു പോലെ പിന്തുണ നൽകാൻ കെൽപ്പുള്ള താരമാണ് അഭിജിത്ത്. കെ.പി.എല്ലിൽ ഗോൾഡൻ ത്രെഡ്സ്, എഫ്സി കേരള തുടങ്ങിയ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.തന്റെ മികച്ച പ്രകടനങ്ങൾ ഇനി മലപ്പുറത്തിന്റെ കുപ്പായത്തിലും തുടരാനാകുമെന്നാണ് താരത്തിൻറെ പ്രതീക്ഷ.