കണ്ണൂർ: ഒരു കാലത്ത് കേരള ഫുട്‌ബോളിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന കണ്ണൂര്‍ പെട്ടെന്ന നിശബ്ദമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍മാരായ വി.പി. സത്യനും ധനേഷും അടക്കമുള്ള ദേശീയ അന്തര്‍ ദേശീയ താരങ്ങളെ ഇന്ത്യന്‍ ഫുട്‌ബോളിന് സംഭാവന ചെയ്ത കണ്ണൂരിന്റെ ഫുടബോള്‍ പാരമ്പര്യത്തിന് വിള്ളലേറ്റിരുന്നു. എന്നാല്‍ ഇന്ന് ആ നിശബ്ദതയെ കീറിമുറിച്ച് ഫുട്‌ബോള്‍ വീണ്ടും കണ്ണൂരില്‍ ഉയര്‍ത്തെഴുന്നേല്‍റ്റിരിക്കുകയാണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണില്‍ സ്വന്തം ഹോം ഗ്രൗണ്ട് പോലും ഇല്ലാതെ സെമി ഫൈനലിനെലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടാം സീസണില്‍ കിരീടവും നേടി. സ്വന്തം മണ്ണില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണൂരിന്റെ കിരീടം നേട്ടം എന്നത് ഇരട്ടി മധുരം നല്‍കുന്നതാണ്.
സൂപ്പര്‍ ലീഗ് കേരളയില്‍ ശ്ക്തമായ അഞ്ച് ടീമുകള്‍ക്കെതിരെ പോരാടിയതിന് ശേഷം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരെയും ഫൈനലില്‍ രണ്ടാം സീസണിലെ ഫേവറേറ്റുകളായ തൃശൂര്‍ മാജിക് എഫ്‌സിയെയും തോല്‍പ്പിച്ചുള്ള കിരീടനേട്ടം ഒരു ക്ലബ്ബിന്റെ മാത്രമല്ല ഒരു ജില്ലയുടെ തന്നെ ഫുട്‌ബോളിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനമായി മാറി.
ഗ്രൂപ്പ് മത്സരങ്ങളില്‍ സ്വന്തം മൈതാനത്ത് ഒരു വിജയം പോലും നേടാന്‍ സാധിക്കാതിരുന്ന കണ്ണൂരിന് ഫൈനലില്‍ സ്വന്തം തട്ടകമായ ജവഹര്‍ സ്റ്റേഡിയത്തിലെ മിന്നും വിജയവും കിരീടനേട്ടവും സ്വന്തം മൈതാനത്ത ജയിക്കാനാകില്ല എന്ന ധാരണയെ പൊളിച്ചെഴുതി.
പരിശീലക സംഘത്തിന്റെയും മാനേജ്‌മെന്റിന്റെയും ദീര്‍ഘവീക്ഷണവും വിശ്വാസവും ഈ തിരിച്ചുവരവില്‍ നിര്‍ണായകമായി. നാട്ടിലെ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും അവസരം നല്‍കണമെന്ന തീരുമാനമാണ് ഇന്ന് ഫലമായി മാറിയത്. കണ്ണൂരിലെ ഫുട്‌ബോള്‍ അക്കാദമികള്‍ക്കും സ്‌കൂള്‍, കോളേജ് ടൂര്‍ണമെന്റുകള്‍ക്കും ഈ വിജയം പുതിയ പ്രചോദനമായി.
ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്‍സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ക്ക് സാക്ഷിയായ ജവഹര്‍ സ്റ്റേഡിയം സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലിനും സാക്ഷിയായി. 25550 ആരാധകരാണ് ഫൈനല്‍ കാണാനായി സ്റ്റേഡിയത്തില്‍ എത്തിയത്.









