ത്രിദിന ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് പൂര്‍ത്തിയായി;
മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ സീനിയര്‍ ടീമിനൊപ്പം പരിശീലിപ്പിക്കും
കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ത്രിദിന ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ പൂര്‍ത്തിയായി. മൂന്ന് ദിവസം നീണ്ടു നിന്ന പരിശീലനത്തിന് കണ്ണൂര്‍ വാരിഴേയ്‌സിന്റെ സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ നേതൃത്വം നല്‍കി. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത ഫൂട്‌ബോള്‍ താരങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കേരളത്തിലെ യുവ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി സൂപ്പര്‍ ലിഗ് കേരളയിലെ ടീമുകളില്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ ലീഗ് കേരള അവതരിപ്പിച്ച ‘ഗെയിംചേഞ്ചര്‍’ സംസ്ഥാനതല ടാലന്റ് സ്‌കൗട്ടിംഗ് പദ്ധതിയുടെ ഭാഗമായിയാണ് പരിശീലനം ഒരുക്കിയത്.

‘ഗെയിംചേഞ്ചര്‍ ത്രിദിന പരിശീലനത്തില്‍ പങ്കെടുത്ത താരങ്ങളെല്ലാം മികച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കുന്നവരാണ്. നിലവില്‍ അവര്‍ക്ക് കൂടുതല്‍ പരിശീലനം ആവശ്യമാണ്. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ സെപ്റ്റംബര്‍ ഒന്നാം തിയ്യതി നടക്കുന്ന സീനിയര്‍ ടീമിനൊപ്പം പരിശീലിപ്പിക്കുമെന്ന് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ സഹ പരിശീലകന്‍ ഷഫീഖ് അസ്സന്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവരെല്ലാം ഭാവിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി കളിക്കാന്‍ സാധിക്കുന്നവരാണെന്നും അതിനായി കഠിനാദ്ധ്വാനം നടത്തണമെന്നും പരിശീലകന്‍ കൂട്ടിചേര്‍ത്തു’. കണ്ണൂര്‍ ജില്ലായില്‍ നിന്ന് മാത്രം പത്ത് താരങ്ങളാണ് ത്രിദിന ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ പരിശീലിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് സീനിയര്‍ ടീം പരിശീലനം ആരംഭിക്കും. ടീമില്‍ നിലവില്‍ അഞ്ച് കണ്ണൂര്‍ താരങ്ങളുണ്ട്. ഗോള്‍ കീപ്പര്‍മാരായ ഉബൈദ് സി.കെ., മിഥുന്‍ വി, പ്രതിരോധ താരങ്ങളായ സച്ചിന്‍ സുനി, അശ്വിന്‍ കുമാര്‍, വിങ്ങര്‍ മുഹമ്മദ് സനാദ് എന്നിവരാണ് ടീമിലെ കണ്ണൂര്‍ താരങ്ങള്‍. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ സെമി ഫൈനലിലെത്തിയ കണ്ണൂര്‍ ഇത്തവണ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.
കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്ഥമായി കണ്ണൂരില്‍ ഇത്തവണ ആദ്യമായി ഹോം സ്‌റ്റേഡിയം ലഭിച്ചു എന്നത് ടീമിന് അനുകൂല സാഹചര്യമാണ് നല്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്.സിക്കൊപ്പമായിരുന്നു കണ്ണൂര്‍ ഹോം മത്സരങ്ങള്‍ കളിച്ചത്.
കണ്ണൂര്‍ വാരിയേഴ്‌സ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ പരിശീലനം നടത്തും
സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂരിന്റെ സ്വന്തം കണ്ണൂര്‍ വാരിയേഴ്‌സിന്റെ 2025-26 സീസണിലെ പരിശീലന ഗ്രൗണ്ടായി കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ട് തിരഞ്ഞെടുത്തു. പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോള്‍ ഗ്രൗണ്ട് കേരള പോലീസ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അടുത്തിടെയാണ് പണിപൂര്‍ത്തിയാക്കിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളകള്‍ക്കും പോലീസ് ഗെയിംസിനും പോലീസ് കായിക മേളകള്‍ക്കും പോലീസ് പരേഡ് ഗ്രൗണ്ട് വേദിയാകാറുണ്ട്.