കണ്ണൂര്‍: ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ എല്ലാവര്‍ക്കും കാണുന്നത് ഗോള്‍കീപ്പറുകളുടെ പറന്നുചാടലുകളും അത്ഭുതസേവിങ്‌സുകളുമാണ്. പക്ഷേ, ഓരോ സേവിന് പിന്നിലും നിശബ്ദമായി നില്‍ക്കുന്ന ഒരു ഗോള്‍ കീപ്പര്‍ പരിശീലകനുണ്ടാകും. സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വിജയത്തിന് പിന്നില്‍ ഗോള്‍ കീപ്പര്‍ പരിശീലകന്‍ കോട്ടയം പെരുവ സ്വദേശി എല്‍ദോ പോളെന്ന നിശബ്ദ പോരാളിയുണ്ട്.
ഗ്രൗണ്ടില്‍ എല്ലാവരും എത്തുന്നതിന് മുമ്പ് എത്തി ഗോള്‍ കീപ്പര്‍മാരുടെ പരിശീലനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ആരും ശ്രദ്ധിക്കാത്ത പക്ഷേ ടീമിന് അത്യാവശ്യമായ ഒരു റോളാണ് കീപ്പര്‍ പരിശീലകന്‍. ആദ്യ സീസണില്‍ മൂന്നാം സ്ഥാനം നേടിയ ടീമിന് ക്ലീന്‍ ഷീറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം സീസണില്‍ എല്‍ദേ പോള്‍ ഗോള്‍ കീപ്പര്‍ പരിശീലകനായി വന്നതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. കേരളത്തിലെ തന്നെ മികച്ച ഗോള്‍ കീപ്പര്‍മാരായ ഉബൈദ് സികെ., മിഥുന്‍ വി, അല്‍കേശ് രാജ് എന്നിവരെ പരിശീലിപ്പിച്ച് പത്ത് മത്സരങ്ങളില്‍ നിന്ന് ടീം മൂന്ന് ക്ലീന്‍ ഷീറ്റും സ്വന്തമാക്കി.
അതോടൊപ്പം സീസണില്‍ ഏറ്റവും അധികം സേവ് നടത്തിയ ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ നാലാമത് ഉബൈദ് സികെയെ എത്തിക്കാനും എല്‍ദേ പോളിനായി. മത്സരത്തിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ഗോള്‍കീപ്പര്‍ക്ക് വേണ്ട ധൈര്യവും ആത്മവിശ്വാസവും നല്‍കുന്നതും പരിശീലകന്‍ തന്നെയാണ്.
ഗോള്‍കീപ്പര്‍ പരിശീലന രംഗത്ത് എല്‍ദോ പോള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പരിശീലകനാണ്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പരിശീലനത്തിലും ഗോള്‍ കീപ്പര്‍ പരിശീലനത്തിലും ബി ലൈസന്‍സ് നേടി കേരളത്തിലെ ചുരുക്കം പേരിലൊരാളാണ്. ദേശീയ ഗെയിംസില്‍ കേരളം 28 വര്‍ഷത്തിന് ശേഷം സ്വര്‍ണം നേടിയപ്പോള്‍ ഗോള്‍ കീപ്പര്‍ പരിശീലകനായി എല്‍ദോ പോളുണ്ടായിരുന്നു. അതോടൊപ്പം 2024 ല്‍ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവും ഖേലോ ഇന്ത്യ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും നേടിയ എം.ജി. യൂണിവേഴ്‌സിറ്റിയുടെ സഹപരിശീലകനുമായിരുന്നു.
കോച്ചിന്‍ പോര്‍ട്ട്, ജോസ്‌ക്കോ എഫ്‌സി, ഈഗിള്‍സ് എപ്‌സി, ഗോള്‍ഡന്‍ ത്രഡ്‌സ് എഫ്‌സി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുമുണ്ട്.