മലപ്പുറം: സൂപ്പർ ലീഗ് രണ്ടാം സീസണിൽ ടീമിന്റെ ഗോൾവല കാക്കാൻ മുഹമ്മദ് അസ്ഹറിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി, നിലവിൽ കേരളാ പോലീസ് ടീമിൻറെ ഗോൾകീപ്പറാണ് അസ്ഹർ. സന്തോഷ് ട്രോഫിയിലും നാഷണൽ ഗെയിംസിലുമടക്കം നിരവധി ടൂർണ്ണമെൻറുകളിൽ കേരളത്തിന് വേണ്ടി ഗ്ലൗസണിഞ്ഞിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് 28-കാരനായ ഈ താരം.ഗോൾപോസ്റ്റിന് മുന്നിലെ തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങളും മികച്ച സേവുകളും തന്നെയാണ് അസ്ഹറിനെ വേറിട്ടു നിർത്തുന്നത്.

മലപ്പുറം ജില്ലക്ക് വേണ്ടി സീനിയർ ചാമ്പ്യൻഷിപ്പിൽ 5 തവണ കളിച്ചിട്ടുണ്ട് .കൂടാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.ഇക്കഴിഞ്ഞ 78മത് സന്തോഷ് ട്രോഫിയിൽ റണ്ണർഅപ്പായ കേരളാ ടീമിലെ അംഗം കൂടിയാണ് അസ്ഹർ, ഇതിന് മുൻപ് 2019ലും 2023ലും കേരള സന്തോഷ് ട്രോഫി ടീമിലിടം നേടിയിട്ടുണ്ട്.2023 നാഷണൽ ഗെയിംസിൽ വെങ്കലം നേടിയ കേരള ടീം അംഗം കൂടിയാണ്.
കേരള പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ട് സീസണിലും തുടർച്ചയായി മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയത് അസ്ഹറായിരുന്നു. 2017ൽ ഗോകുലം കേരളയിലൂടെയാണ് താരം പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തുന്നത്. അവിടന്ന് കേരളാ പോലീസ് ടീമിലേക്ക് മാറുകയായിരുന്നു. ഇക്കഴിഞ്ഞ കെ.പി.എല്ലിൽ റണ്ണർഅപ്പായത് കേരളാ പോലീസാണ്. തന്റെ മികച്ച പ്രകടനങ്ങൾ ഇനി എം.എഫ്.സിക്കു വേണ്ടിയും തുടരാനാകുമെന്നാണ് താരത്തിൻറെ പ്രതീക്ഷ.