ഹീറോ സൂപ്പർ കപ്പ് ക്വാളിഫയർ മത്സരത്തിൽ നെറോക്ക എഫ്സിയെ കീഴടക്കി ശ്രീനിധി ഡെക്കാൻ. പയ്യനാട് വെച്ചു നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഐ ലീഗ് റണ്ണറപ്പുകൾ ജയം കണ്ടത്. നേരത്തെ രാജസ്ഥാൻ യുനൈറ്റഡിനെ പെനാൽറ്റി വരെ നീണ്ട മത്സരത്തിൽ വീഴ്ത്തിയാണ് നെറോക്ക ക്വാളിഫയറിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്ന ശ്രീനിധിയെ കടുത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, റൗണ്ട് ഗ്ലാസ് പഞ്ചാബ്, ബെംഗളൂരു എഫ്സി എന്നുവരാണ് ഗ്രൂപ്പ് എ യിൽ അവരെ കാത്തിരിക്കുന്നത്. ശനിയാഴ്ച ബെംഗളൂരുവുമായി കോഴിക്കോട് വെച്ചാണ് ശ്രീനിധിയുടെ ആദ്യ മത്സരം.
മത്സരത്തിന്റെ 38 ആം മിനിറ്റിൽ ഫയ്സലിലൂടെ ശ്രീനിധി തന്നെയാണ് ആദ്യം ലീഡ് എടുത്തത്. പിന്നീട് കസ്റ്റാന്യെഡയിലൂടെ 55ആം മിനിറ്റിൽ അവർ ലീഡ് ഇരട്ടിയാക്കി. സീസണിൽ ടീമിന്റെ സ്ഥിരം സ്‌കോറർ ആയിരുന്ന കസ്റ്റാന്യെഡ സൂപ്പർ കപ്പിലും തന്റെ വരവരിയിച്ചു. എന്നാൽ 67ആം മിനിറ്റിൽ ടാങ്ങാ റഗോയിലൂടെ ഒരു ഗോൾ മടക്കിയ നെറോക്ക 80ആം മിനിറ്റിൽ മറ്റൊരു ഇന്ത്യൻ യുവതാരം ബെഞ്ചമിനിലൂടെ സമനില ഗോളും നേടിയപ്പോൾ ശ്രീനിധി ഞെട്ടി. എന്നാൽ പകരക്കാരനായി കളത്തിൽ എത്തിയ റിൽവാൻ ഹസൻ ഇരട്ട ഗോളുകളുമായി ഡെക്കാൻ ടീമിന്റെ രക്ഷക്കെത്തി. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിലും നാലാം മിനിറ്റിലും ആണ് താരത്തിന്റെ ഗോളുകൾ വന്നത്. ഇതോടെ ശ്രീനിധി ഡെക്കാൻ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു.