ഇന്നലെ ആരംഭിച്ച സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾ ഇന്ന് അവസാനിക്കേണ്ടതാണ്. എന്നാൽ നാലു യോഗ്യതാ മത്സരങ്ങളിൽ ഒന്ന് മാത്രമെ നടക്കു എന്ന അവസ്ഥയിലാണ് സൂപ്പർ കപ്പിന്റെ ഗതി. എ ഐ എഫ് എഫിന്റെ നിലപാടിൽ പ്രതിഷേധിച്ച് മിനേർവ പഞ്ചാബ് ഇന്നലെ നടക്കേണ്ടിയിരുന്ന പൂനെ സിറ്റിയുമായുള്ള മത്സരം കളിച്ചിരുന്നില്ല. ഇന്നലെ ആരോസും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം നടക്കുകയും ചെയ്തു.
ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടക്കേണ്ടത്. ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി ഡെൽഹി ഡൈനാമോസിനേയും രണ്ടാം മത്സരത്തിൽ ഐസാൾ ചെന്നൈയിനേയും നേരിടണം. ഗോകുലം കേരള എഫ് സിയും ഐസാളും സൂപ്പർ കപ്പിൽ കളിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് രണ്ട് മത്സരങ്ങളും നടക്കില്ല. വാക്കോവറിൽ ഐ എസ് എൽ ക്ലബുകൾക്ക് നേരിട്ട് യോഗ്യത നൽകുമോ എന്ന കാര്യത്തിൽ എ ഐ എഫ് എഫ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഇനി പ്രീക്വാർട്ടർ മത്സരങ്ങളിലും സമാന സാഹചര്യം തന്നെ ആയിരിക്കും നിലനിൽക്കുക. റിയൽ കാശ്മീർ അല്ലാത്ത ബാക്കി എല്ലാ ഐലീഗ് ക്ലബുകളും സൂപ്പർ കപ്പിൽ കളിക്കില്ല എന്ന നിലപാടിൽ തന്നെയാണ്. അങ്ങനെയാണെങ്കിൽ ഇത് ഒരു ഐ എസ് എൽ നോക്കൗട്ട് ടൂർണമെന്റായി മാറാൻ സാധ്യതയുണ്ട്. ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.