ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഐസോളിനെ ഒഡീഷ എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ടാം പകുതിയിൽ ആയിരുന്നു മൂന്ന് ഗോളുകളും വന്നത്. 47 ആം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്നും ഇസാക് റാൽതെ പോസ്റ്റിന്റെ വലത് മൂലയിലേക്ക് അടിച്ച കർവിംഗ് ഷോട്ട് ഐസോൾ ഗോൾക്കീപ്പർ വൻലാൽ പണി പെട്ട് പുറത്തേക്ക് തടുത്തു. ശേഷമുള്ള കോർണർ കിക്കിൽ പന്ത് നേരെ വന്ന് വീണത് ബോക്സിന്റെ ഒത്ത നടുക്ക്.
ഐസോൾ പ്രതിരോധ താരങ്ങളും ഒഡിഷ മുന്നേറ്റവും തമ്മിലുണ്ടായ കൂട്ട പൊരിച്ചിലിന് ഒടുവിൽ ഒഡിഷ ക്യാപ്റ്റൻ മൗറിസിയോ പന്ത് വലയിലാക്കി.
55 ആം മിനുട്ടിൽ ഗോൾ നില വീണ്ടുമുയർന്നു.
മധ്യ ഭാഗത്ത് നിന്നുണ്ടായ മുന്നേറ്റം ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന ജെറിക്ക് നൽകി. ജെറി പന്ത് സ്പാനീഷ് താരം വിക്റ്റർ റോഡ്രിഗസിന് നൽകി. വിക്ട്ടർ പന്ത് അനായാസം വലയിലാക്കി.
90 മിനുറ്റ് കഴിഞ്ഞുള്ള അധിക സമയത്ത് നന്ദ കുമാർ ഗോൾ സ്കോർ ചെയ്തതീടെ വിജയം പൂർത്തിയായി. ആദ്യ കളിയിൽ ഹൈദരാബാദുമായും രണ്ടാം കളിയിൽ ഒഡിഷയുമായും തോറ്റ ഐ സോളിന് ഇനി സെമിയിലേക്ക് കടക്കാനാവില്ല. ഒഡിഷക്ക് ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളുമായുള്ള സമനിലയും ഈ കളിയിലെ ജയവുമടക്കം നാല് പോയിന്റായി.