ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ടാം റൗണ്ട് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഇന്ത്യ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഗോളിനാണ് ഇന്ത്യ ഒമാനെതിരെ മുന്നിട്ടു നിൽക്കുന്നത്. ഛേത്രി, ആശിഖ്, ഉദാന്ത എന്നിവരെ അറ്റാക്കിൽ ഇറക്കി കളി തുടങ്ങിയ ഇന്ത്യ ആദ്യ പകുതിയിൽ ഉടനീളം ഒമാനെ വിറപ്പിച്ചു.
കളിയുടെ 15ആം മിനുട്ടിൽ ഇന്ത്യക്ക് മുന്നിൽ എത്താനുള്ള സുവർണ്ണാവസരം ലഭിച്ചതായിരുന്നു. സുനിൽ ഛേത്രിയുടെ പാസ് സ്വീകരിച്ച് മുന്നേറിയ ഉദാന്തയുടെ ഷോട്ട് ഗോൾകീപ്പറെ പരാജയപ്പെടുത്തി എങ്കിലും ഗോൾ ബാറിൽ തട്ടി മടങ്ങി. രണ്ട് മിനുട്ടുകൾക്ക് ശേഷം ഒരു കോർണറിൽ നിന്ന് ജിങ്കനും ഒരു മികച്ച അവസരം ലഭിച്ചു. പക്ഷെ ജിങ്കന്റെ ഹെഡർ ലക്ഷ്യം കണ്ടില്ല.
അതിനു ശേഷമായിരുന്നു ഛേത്രിയുടെ ഗോൾ. 24ആം മിനുട്ടിൽ ആശിഖ് നേടി തന്ന ഒരു ഫ്രീകിക്ക് ബ്രാണ്ടണാണ് എടുത്തത്. ഒമാൻ ഡിഫൻസിനെ കബളിപ്പിച്ച് കൊണ്ട് ഛേത്രി നടത്തിയ റൺ മനസ്സിലാക്കി ബ്രാണ്ടന്റെ അളന്നു മുറിച്ചുള്ള പാസ്. ഛേത്രിയുടെ ഫസ്റ്റ് ടൈം ഷോട്ട് തടയാൻ ആർക്കും ആയില്ല. ഇന്ത്യ ഒരു ഗോളിന് മുന്നിൽ. ഗോളിന് ശേഷം ഇന്ത്യ ഡിഫൻസിൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി എങ്കികും അധികം അവസരങ്ങൾ ഒമാൻ സൃഷ്ടിച്ചില്ല. 43ആം മിനുട്ടിൽ ഒരു ഗോളെന്ന് ഉറച്ച അവസരം ഒമാൻ സൃഷ്ടിച്ചു എങ്കിലും ഗുർപ്രീത് ഇന്ത്യയുടെ രക്ഷകനായി.
രണ്ടാം പകുതിയിലും ഈ പ്രകടനം തുടരാൻ ആയാൽ ഒരു ചരിത്ര വിജയം തന്നെ ഇന്ത്യക്ക് സ്വന്തമാക്കം.