ഉറുഗ്വേയിൽ പഴയ തട്ടകമായിരുന്ന നാഷ്യോനാലിൽ തിരിച്ചെത്തി മികച്ച പ്രകടനം നടത്തിയ ലൂയിസ് സുവാരസ്, തന്റെ ഭാവി എവിടെയാകും എന്നത് ഇപ്പോഴും തെറുമാനിച്ചിട്ടില്ല. നാഷ്യോനാലുമായുള്ള കരാർ അവസാനിച്ച താരം ലോകകപ്പിന് ശേഷം തുടർന്നും പന്ത് തട്ടാൻ പുതിയ തട്ടകം തേടേണ്ടത് അത്യാവശ്യമാണ്. അതേ സമയം ബ്രസീലിൽ നിന്നുമുള്ള ഒരു ഓഫർ താരം തള്ളിക്കളഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രസീലിയൻ സീരി ബി ടീമായ ഗ്രീമിയോ ആണ് ഉറുഗ്വേ താരത്തിന് വേണ്ടി കരാർ മുന്നോട്ട് വെച്ചത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
സീരി ബിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ഒന്നാം ഡിവിഷനിലേക്ക് കടക്കുന്നതിന് മുൻപ് ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു. എന്നാൽ മറിച്ചായിരുന്നു സുവരസിന്റെ തീരുമാനം. ഇതോടെ നിലവിൽ ഒരു ക്ലബ്ബും ഇല്ലാതെയാണ് താരം ലോകകപ്പിന് പോകുന്നത് എന്ന് ഉറപ്പായി. എംഎൽഎസ് ടീമുകൾക്ക് താരത്തിൽ കണ്ണുള്ളതായി സൂചനകൾ ഉണ്ട്. ലോകകപ്പിന് ശേഷം മാത്രമേ ഭാവി കാര്യങ്ങൾ തീരുമാനിക്കൂ എന്നായിരുന്നു സുവാരസിന്റെയും തീരുമാനം.
എംഎൽഎസിൽ എത്താൻ തന്നെയാണ് താരത്തിന്റെ പദ്ധതിയെന്ന് ഗ്രീമിയോ പ്രസിഡന്റ് അൽബെർട്ടോ ഗ്വേറ പറഞ്ഞു. താരവുമായി ബന്ധപ്പെട്ടു എന്നും എന്നാൽ തങ്ങളുടെ ഓഫറിൽ അദ്ദേഹം നന്ദി അറിയിച്ചെങ്കിലും തള്ളുകയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ പന്ത് തട്ടുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പദ്ധതി എന്നറിയിച്ചതായും ഗ്വേറ പറഞ്ഞു. എന്നാൽ എംഎൽഎസിൽ നിന്നുള്ള ഓഫറുകളെക്കാൾ മികച്ച ഓഫർ ആയിരുന്നു തങ്ങൾ സമർപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.