ആഴ്സണൽ മിഡ്ഫീൽഡർ ഫാബിയോ വിയേരയെ സ്ഥിരമായ കരാറിൽ സ്വന്തമാക്കാൻ വിഎഫ്ബി സ്റ്റുട്ട്ഗാർട്ട് ശ്രമം തുടങ്ങി. കഴിഞ്ഞ സീസണിൽ പോർട്ടോയിൽ ലോൺ അടിസ്ഥാനത്തിലാണ് വിയേര കളിച്ചത്.
2022-ൽ 40 മില്യൺ യൂറോ വരെ ട്രാൻസ്ഫർ തുകക്ക് ആഴ്‌സണലിലെത്തിയ 25-കാരനായ പോർച്ചുഗീസ് താരത്തിന് രണ്ട് സീസണുകളിൽ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞത്.

പോർട്ടോയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ വിയേരയെ ദീർഘകാല കരാറിൽ സ്വന്തമാക്കാൻ സ്റ്റുട്ട്ഗാർട്ട് ശ്രമിക്കുകയാണ്.
വിയേരക്ക് ആഴ്‌സണലിൽ രണ്ട് വർഷത്തെ കരാർ ബാക്കിയുള്ളതിനാൽ, മികച്ചൊരു തുകയായിരിക്കും ആഴ്‌സണൽ ആവശ്യപ്പെടുക. പുതിയ ബുണ്ടസ്ലിഗ സീസണിന് മുന്നോടിയായി ടീമിന്റെ മുന്നേറ്റ നിരയിലേക്ക് വിയേരയെത്തുന്നത് സഹായകമാകുമെന്നാണ് സ്റ്റുട്ട്ഗാർട്ട് കരുതുന്നത്.
പോർട്ടോയുടെ അക്കാദമി താരവും പോർച്ചുഗൽ അണ്ടർ 21 താരവുമായിരുന്ന വിയേര, ആഴ്സണലിൽ 22 ലീഗ് മത്സരങ്ങളിൽ കളിച്ചെങ്കിലും മിഖേൽ അർട്ടെറ്റയുടെ കീഴിൽ ഒരു സ്ഥിര സാന്നിധ്യമാകാൻ താരത്തിന് കഴിഞ്ഞില്ല.