ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ 25 റണ്‍സ് വിജയം സ്വന്തമാക്കി ഖുല്‍ന ടൈറ്റന്‍സ്

നേടാനായത് 128 റണ്‍സ് മാത്രമാണെങ്കിലും എതിരാളികളായ രാജ്ഷാഹി കിംഗ്സിനെ 103 റണ്‍സിനു ഓള്‍ഔട്ട് ആക്കി 25 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഖുല്‍ന ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ടീമിനു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 128 റണ്‍സാണ് നേടാനായത്. 26 റണ്‍സ് നേടിയ ആരിഫുള്‍ ഹക്ക് ടീമിന്റെ ടോപ് സ്കോറര്‍ ആവുകയായിരുന്നു. കിംഗ്സിനു വേണ്ടി ഇസ്രു ഉഡാന, മെഹ്ദി ഹസന്‍, ആരാഫത്ത് സണ്ണി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലക്ഷ്യം അനായാസം മറികടക്കുമെന്ന് കരുതിയെങ്കിലും 19.5 ഓവറില്‍ 103 റണ്‍സിനു രാജ്ഷാഹി കിംഗ്സ് ഓള്‍ഔട്ട് ആവുകയായിരുന്നു. തൈജുല്‍ ഇസ്ലാം നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടി കളിയിലെ താരമായി മാറിയപ്പോള്‍ ജുനൈദ് ഖാനും മൂന്ന് വിക്കറ്റ് നേടി. മുഹമ്മദുള്ളയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. 23 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ ആണ് കിംഗ്സിന്റെ ടോപ് സ്കോറര്‍.