നാഷൻസ് ലീഗ്; അസെൻസിയോ, ബോർഹ ഇഗ്ലെഷ്യസ്, നിക്കോ വില്യംസ് സ്പാനിഷ് ടീമിൽ

Nihal Basheer

Picsart 22 09 16 17 00 27 741
Download the Fanport app now!
Appstore Badge
Google Play Badge 1

നാഷൻസ് ലീഗ് പോരാട്ടങ്ങൾക്കായുള്ള സ്പാനിഷ് ടീമിനെ ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചു. വലിയ മാറ്റങ്ങൾക്ക് ഒന്നും തുനിയാതിരുന്ന ലൂയിസ് എൻറിക്വെയുടെ ടീമിൽ ക്ലബ്ബിൽ കുറഞ്ഞ അവസരം ലഭിക്കുന്ന അസെൻസിയോ, ജോർഡി ആൽബ എന്നിവർ ഇടം പിടിച്ചത് അത്ഭുതപ്പെടുത്തിയപ്പോൾ മുന്നേറ്റത്തിൽ നിക്കോ വില്യംസ്, ബോർഹ ഇഗ്ലെഷ്യസ് എന്നിവർക്ക് അർഹിച്ച പരിഗണന കിട്ടി. ലോകക്കപ്പിന് മുന്നോടി ആയുള്ള അവസാനത്തെ ഇന്റർനാഷണൽ ബ്രേക്ക് ആണെന്നതിനാൽ ഈ മത്സരങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. സെപ്റ്റംബർ 24, 27 ദിവസങ്ങളിലായിട്ടാണ് സ്വിറ്റ്സർലണ്ട്, പോർച്ചുഗൽ ടീമുകൾക്കെതിരെ സ്പെയിൻ കളത്തിൽ ഇറങ്ങുന്നത്.

ഗോൾ കീപ്പർ: എൻറിക്വെയുടെ വിശ്വസ്തനായ ഉനായ് സൈമൺ തന്നെ ഗോൾ പോസ്റ്റിന് കീഴിൽ എത്തും. രോബർട് സാഞ്ചസ്, ഡേവിഡ് റയ എന്നിവരാണ് മറ്റ് കീപ്പർമാർ.

പ്രതിരോധം: പ്രതിരോധത്തിൽ ബാഴ്‌സ നിരയിൽ നിലവിൽ പകരക്കാരന്റെ സ്ഥാനം മാത്രമുള്ള ജോർഡി ആൽബ എത്തിയതാണ് ശ്രദ്ധേയം. എങ്കിലും ഗയയെ മറികടന്ന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുന്നത് താരത്തിന് ബുദ്ധിമുട്ട് ആവും. വലൻസിയ താരം ഹ്യൂഗോ ഗ്വിയ്യാമോണും ടീമിൽ ഉണ്ട്. ടീമിലെ സ്ഥിരക്കാർ ആയ പാവോ ടോറസ്, ഡീഗോ ലോറന്റെ, എറിക് ഗർഷ്യ, ആസ്പലികുറ്റ, കാർവഹാൾ എന്നിവരാണ് മറ്റ് താരങ്ങൾ.

മധ്യനിര: മധ്യനിരയിൽ എൻറിക്വയുടെ പതിവ് മുഖങ്ങൾ തന്നെയാണ് ഉള്ളത്. ബാസ്ക്വറ്റ്‌സ്, മർക്കോസ് ലോറന്റെ, കാർലോസ് സോളർ,കൊക്കെ, പെഡ്രി, ഗവി, റോഡ്രി.

മുൻനിര: ആക്രമണത്തിന് മൂർച്ച കൂട്ടാൻ അത്ലറ്റിക് ക്ലബ്ബിന്റെ യുവതാരം നിക്കോ വില്യംസിനെയും ഫോമിലുള്ള ബെറ്റിസ് മുന്നേറ്റ താരം ബോർഹ ഇഗ്ലെഷ്യസിനെയും ടീമിൽ ഉൾപ്പെടുത്തി. റയൽ മാഡ്രിഡിൽ അവസരം കുറവായ അസെൻസിയോയിൽ എൻറിക്വെ ഒരിക്കൽ കൂടി വിശ്വാസം ആർപ്പിച്ചു. പാബ്ലോ സറാബിയ, മൊറാട്ട, ഫെറാൻ ടോറസ് യേറെമി പിനോ എന്നിവരാണ് മറ്റ് താരങ്ങൾ.

ടീമിൽ ഉൾപ്പെടാത്ത ആൻസു ഫാറ്റി, ഇയാഗോ ആസ്‌പാസ്, സെർജിയോ റാമോസ് എന്നിവർക്ക് ടീമിലേക്ക് മടങ്ങി എത്താൻ അവസരമുണ്ടെന്ന് എൻറിക്വെ പറഞ്ഞു. പരിക്കിന് ശേഷം ഫോമിലേക്ക് തിരിച്ചെത്താൻ ഫാറ്റിക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നും കോച്ച് സൂചിപ്പിച്ചു.