53ആം വയസ്സിൽ ലോകത്തോട് വിടപറയേണ്ടി വന്ന സെർബിയൻ പരിശീലകൻ സിനിസ മിഹലോവിചിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. മുമ്പ് യുഗോസ്ലാവിയ ദേശീയ ടീമിനായി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. മുൻ ബൊളോണ പരിശീലകനായ മിഹാലോവിച് ലുകീമിയ രോഗത്തിന് മുന്നിൽ കീഴടങ്ങുക ആയിരുന്നു. ഇറ്റാലിയൻ ഫുട്ബോളിൽ ഒരു കളിക്കാരൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും വലിയ പേര് സമ്പാദിച്ച ആളാണ് മിഹാലോവിച്.
യുഗോസ്ലാവിയൻ ഫുട്ബോളിനും ഇറ്റാലിയൻ ഫുട്ബോളിനും ഇദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ് എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. ഇറ്റാലിയൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ റെക്കോർഡ് മിഹാലോവിചിന് ആണെന്ന് ഇവാൻ ഓർമ്മിപ്പിച്ചു. താൻ ഒരു യുവതാരം ആയിരിക്കെ ദേശീയ ടീമിൽ എത്തിയപ്പോൾ മിഹാലോവിചിന്റെ സാന്നിദ്ധ്യം വലിയ സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ട് എന്നും ഇവാൻ പറഞ്ഞു.
അവസാന രണ്ടു വർഷമായി അദ്ദേഹം പോരാടുക ആയിരുന്നു എന്നും ഇപ്പോഴും അദ്ദേഹം ചെറുപ്പമായിരുന്നു എന്നും ഇവാൻ പറഞ്ഞു.