ജർമ്മൻ ഫുട്‌ബോൾ ഇതിഹാസം ബാസ്റ്റൈൻ ഷ്വെയിൻസ്റ്റെയ്ഗർ ഈ സീസൺ അവസാനത്തോടെ ഫുട്‌ബോൾ മതിയാക്കും. നിലവിൽ മേജർ ലീഗ് സോക്കർ ക്ലബ്ബ് ചിക്കാഗോ ഫയറിന്റെ താരമാണ് ഷ്വെയിൻസ്റ്റെയ്ഗർ. 36 ആം വയസിലാണ് ലോകകപ്പ് ജേതാവായ താരം ബൂട്ട് അഴിക്കുന്നത്.
ജർമ്മൻ ക്ലബ്ബ് ബയേണിന്റെ അക്കാദമി വഴിയാണ് മധ്യനിര താരമായ ഷ്വെയിൻസ്റ്റെയ്ഗർ ഫുട്‌ബോളിലേക് കടന്ന് വരുന്നത്. 2002 ൽ സീനിയർ ടീമിൽ അരങ്ങേറിയ താരം 2015 വരെ ജർമ്മൻ വമ്പന്മാർക്കൊപ്പം തുടർന്നു. പിന്നീട് 2 വർഷം പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച ശേഷമാണ് താരം അമേരിക്കൻ ലീഗിലേക്ക് മാറുന്നത്. 2004 മുതൽ 2016 വരെ ജർമ്മൻ ദേശീയ ടീമിലും അംഗമായിരുന്നു. 2014 ലോകകപ്പ് നേടിയ ജർമ്മൻ ടീമിലും അംഗമായി.
8 ബുണ്ടസ് ലീഗ കിരീടവും, 7 പോകലും, 1 തവണ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. 2016 ൽ യുണൈറ്റഡിന് ഒപ്പം എഫ് എ കപ്പ് കിരീടവും സ്വന്തമാക്കി.