കല്യാണ രാത്രി സെവൻസിന് ഇറങ്ങിയ റിദുവാനെ തനിക്ക് കാണണം എന്ന് ഇന്ത്യൻ കായിക മന്ത്രി

- Advertisement -

രണ്ടു ദിവസം മുമ്പ് തന്റെ കല്യാണം കഴിഞ്ഞ് സെവൻസ് ഫുട്ബോൾ മൈതാനത്ത് കളിക്കാൻ ഇറങ്ങിയ ഫിഫാ മഞ്ചേരിയുടെ റിദുവാൻ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും ആകെ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ ദിവസം മുതൽ റിദുവാന്റെ കല്യാണ രാത്രിയിലെ ഫുട്ബോൾ കളി ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

ഇങ്ങനെ ദേശീയ മാധ്യമങ്ങളിലൂടെ ഈ വാർത്ത ശ്രദ്ധയിൽ പെട്ട് ഇന്ത്യയുടെ കായിക മന്ത്രി തന്നെ റിദുവാനെ കാണാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിരിക്കുകയാണ്. ഒളിമ്പ്യനും ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസവും കൂടിയായ രാജ്യവർദൻ സിംഗ് റാത്തോർ ആണ് റിദുവാന്റെ ഫുട്ബോളിനോടുള്ള സമർപ്പണം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നത്. കല്യാണ ദിവസം തന്നെ ഫുട്ബോൾ കളിക്കാൻ ഇറങ്ങിയ റിദുവാന്റെ ആത്മാർത്ഥതയെ അദ്ദേഹം ട്വിറ്ററിലൂടെ പ്രശംസിച്ചു.

റിദുവാനെ നേരിട്ടു കാണാൻ ആഗ്രഹമുണ്ട് എന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. റിദുവാനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കാൻ നിരവധി ഫുട്ബോൾ സ്നേഹികൾ ഇതിനകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഉടൻ തന്നെ അത് സാധിക്കും എന്നാണ് കരുതുന്നത്.

വണ്ടൂരിലെ സെവൻസ് മത്സരത്തിൽ ആയിരുന്നു ഫിഫാ മഞ്ചേരി താരം റിദുവാൻ താരമായി മാറിയത്. അന്ന് ഉഷാ തൃശ്ശൂരിനെതിരെ ഫിഫാ മഞ്ചേരി വിജയം ഉറപ്പിക്കുമ്പോൾ റിസുവാനും കളത്തിൽ ഉണ്ടായിരുന്നു‌. അന്ന് ഉച്ചയ്ക്ക് കല്യാണ പന്തലിൽ വരന്റെ റോളിൽ ആയിരുന്ന റിദുവാനാണ് രാത്രി ഭാര്യയോട് അനുവാദം വാങ്ങി കളിക്കാൻ ഇറങ്ങിയത്.

Advertisement