പരിശീലകൻ എന്ന നിലയിൽ പിർലോ ആദ്യ കിരീടം നേടി. ഇന്ന് നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിൽ നാപോളിയെ പരാജയപ്പെടുത്തിയാണ് യുവന്റസ് കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു. രണ്ടാം പകുതിയിൽ ആണ് രണ്ടു ഗോളുകളും വന്നത്.
64ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പിർലോയുടെ ടീമിന് ലീഡ് നൽകിയത്. ഈ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന താരമായി മാറി. 80ആം മിനുട്ടിൽ ഗോൾ മടക്കി കളിയിലേക്ക് വരാൻ നാപോളിക്ക് അവസരം ഉണ്ടായിരുന്നു. പക്ഷെ പെനാൾട്ടി എടുത്ത ഇനിസിനെയ്ക്ക് പിഴച്ചു. മത്സരത്തിന്റെ അവസാന നിമിഷം മൊറാട്ടയുടെ ഗോൾ യുവന്റസിന്റെ കിരീടം ഉറപ്പിക്കുക ആയിരുന്നു