പ്ലാലോ മാൾഡിനി – പ്രതിരോധത്തിന്റെ അവസാനവാക്ക്!

- Advertisement -

തലമുറകളിൽ നിന്നു തലമുറകളിലേക്ക് അന്നും ഇന്നും കൈമാറി വന്ന ഒന്നാവണം ആരാണ് മികച്ചത് എന്ന ചോദ്യം. എല്ലായിടത്തും എല്ലാ മേഖലകളിലും എന്നും മുഴങ്ങുന്ന ചോദ്യമായി അത് മാറുന്നു. ഫുട്‌ബോൾ എന്നും ഈ ചോദ്യം കൊണ്ട്‌ കലുഷിതമാണ്. ചിലർക്ക്‌ ഒരാൾ മികച്ചവരാവുമ്പോൾ മറ്റ് ചിലർ മറ്റെയാൾക്ക് വേണ്ടി വാദിച്ചു കൊണ്ടേയിരിക്കും. സമീപകാലത്ത് പല സീമകളും വരെ ലംഘിച്ച് വളർന്ന മെസ്സി-റോണോൾഡോ തർക്കം തന്നെ വലിയൊരു ഉദാഹരണം. ഇങ്ങനെയിരുന്നാലും എല്ലാരേയും ഒന്നിപ്പിക്കുന്ന ചില പേരുകൾ ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ ഒരു പേരായി കാണാവുന്ന ഒന്നാണ്‌ പ്ലാലോ സിസാരെ മാൾഡിനിയുടേത്.

സമാനതകളില്ലാത്ത സ്വപ്നതുല്യമെന്നു വിളിക്കാവുന്ന ഒരു കരിയർ സ്വന്തമായ മാൾഡിനിയുടെ ശരിയായ മഹത്വം കിടക്കുന്നത് അദ്ദേഹം പ്രതിരോധനിരക്കാരൻ എന്ന വർഗ്ഗത്തെ സ്വതന്ത്ര്യമാക്കി മുഖ്യധാരായിലേക്കു കൊണ്ട് വന്നു എന്നതിലാണ്. പ്രതിരോധനിരക്കാരനും സൂപ്പർ സ്റ്റാർ ആവാമെന്നു, അവനും വെള്ളി വെളിച്ചം അർഹിക്കുന്നെന്നു അദ്ദേഹം പറയാതെ പറഞ്ഞു. ബാലൻ ഡി യോറിന് പരിഗണിക്കുന്ന പേരുകാരനാകാൻ ഒരു പ്രതിരോധനിരക്കാരനാവുമെന്നു അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തു. ഒരു പ്രതിരോധനിരക്കാരനെ ആദ്യമായി ലോകത്തെ മികച്ച ഫുട്‌ബോൾ താരമായി സോക്കർ മാഗസിൻ തിരഞ്ഞെടുത്തത് മാൾഡിനിയിലൂടെ ആയിരുന്നു. ഇത് തനിക്കു മുമ്പേ തന്റെ ക്യാപ്‌റ്റനും മിലാൻ, ഇറ്റലി പ്രതിരോധതാരവുമായ ഫ്രാൻകോ ബരേസി ആർഹിച്ചതാണെന്നു പറഞ്ഞ മാൾഡിനി 2006 ൽ താൻ 2 പ്രാവശ്യം മൂന്നാമതായ(1994,2003) ബാലൻ ഡി യോർ തന്റെ പിൻഗാമി കന്നവാരയിലൂടെ ഒരു പ്രതിരോധ നിരക്കാരൻ സ്വന്തമാക്കുന്നതും കാണുന്നു. ഇങ്ങനെ മുമ്പേ നടന്ന ബരേസിക്കും പിന്നാലെ വന്ന കന്നവരോക്കും ഇടയിലെ പാലമാവുന്നുണ്ട് മാൾഡിനി.

1968 ജൂൺ 26 മിലാനിലാണ് മാൾഡിനി ജനിച്ചത്. അച്ഛൻ പ്രസിദ്ധ ഫുട്‌ബോൾ താരമായിരുന്നു. ഇറ്റലിക്കായും മിലാനായും ഒരുപാട് മത്സരങ്ങൾ കളിച്ച 1963 മിലാൻ ചാമ്പ്യൻസ് കപ്പ്‌ നേടുമ്പോൾ അവരുടെ ക്യാപ്റ്റനായിരുന്ന സിസാരെ. പിന്നീട് ഈ അച്ഛന്റെ തന്നെ പിന്നീട്‌ താൻ വിഖ്യാതമാക്കിയ 3 നമ്പർ ജേഴ്സിയാണ് മാൽഡിനി മിലാനിൽ 1986 ൽ ഏറ്റെടുക്കുന്നത്. കോച്ചായി അച്ഛനു കീഴിൽ 21 വയസ്സിന് താഴെയുള്ളവരുടെ ഇറ്റാലിയൻ ടീമിലും, ഇറ്റാലിയൻ സീനിയർ ടീമിലും മാൾഡിനി കളിക്കുന്നുമുണ്ട്. അച്ഛൻ തന്നെയാണ് ഇറ്റലിയുടെ അണ്ടർ 21 ടീമിലേക്കു അദ്ദേഹത്തിന് ആദ്യമായി അവസരവും നൽകുന്നത്. മിലാൻ യൂത്ത് ടീമിലൂടെ തുടങ്ങിയ മാൾഡിനി 1985 ജനുവരി 20 നു ഉദിനെസ്സിക്കെതിരെയാണ് തന്റെ ആദ്യ മത്സരം കളിക്കുന്നത്. പിന്നീട് തുടർച്ചയായ 25 വർഷം എ സി മിലാനെന്ന ക്ലബിനെ പിന്നിൽ നിന്ന് കാക്കാനും മുന്നിൽ നിന്ന് നയിക്കാനും ആ മൂന്നാം നമ്പർ കാരനുണ്ടായിരുന്നു.

ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും പ്രശസ്തനായ മാൾഡിനി പക്ഷെ തുടങ്ങിയത് റൈറ്റ് ബാക്കായിട്ടായിരുന്നു. പൊതുവെ വലത് കാലുകാരനായ മാൾഡിനി ടീമിനായാണ് ഇടത്തോട്ട് മാറുന്നത്. അരിഗ്ഗോ സാഞ്ചിയുടെ വിഖ്യാതമായ ഇമ്മോർട്ടലിൽ അവിഭാജ്യ ഘടകമാവാൻ മാൾഡിനി അധിക കാലമൊന്നും എടുത്തില്ല. 80 കളുടെ അവസാനവും 90 കളുടെ തുടക്കവും സാഞ്ചിയുടെ ഇമ്മോർട്ടൽസ് ഇറ്റാലിയൻ ഫുട്‌ബോൾ ഭരിച്ചു. ഫ്രാങ്കോ ബരേസിയെന്ന ക്യാപ്‌റ്റനും സഹപ്രതിരോധനിരക്കാരനും ഒപ്പം മാൾഡിനി മിലാനെ കാത്തപ്പോൾ കാർലോ ആഞ്ചലോട്ടിയും ഡച്ച് ഇതിഹാസങ്ങളുമായ ഫ്രാങ്ക് റെക്യയാർഡും റൂഡ് ഗുല്ലിറ്റും മാർക്കോ വാൻ ബോസ്റ്റണും അടങ്ങിയ മിലാനും യൂറോപ്യൻ, ഇറ്റാലിയൻ കിരീടങ്ങൾ സ്വന്തമാക്കി. പിന്നീട് ഫാബിയോ കോപ്പല്ല യുഗമായിരുന്നു മിലാനിൽ. 1991-92 സീസണിൽ ഒരു കളി പോലും ലീഗ് നേടിയ മിലാന്റെ ഇൻവിൻസിബിൾസ് തുടർച്ചയായ 58 കളികൾ ലീഗിൽ തോൽവിയെ അറിഞ്ഞില്ല. ഇതിനിടയിലാണ് സാക്ഷാൽ യോഹൻ ക്രൈഫിന്റെ റൊമാരിയായും സ്റ്റോച്ചിക്കോവും അടങ്ങിയ വിഖ്യാത മുന്നേറ്റം നയിച്ച ബാഴ്‌സയെ പ്രമുഖതാരങ്ങളായ വാൻ ബാസ്റ്റണോ, ബരേസിയോ ഇല്ലാത്തിറങ്ങിയ മിലാൻ ചാമ്പ്യൻസ് കപ്പ് ഫൈനലിൽ 4-0 ത്തിനു തകർത്തു തുടർച്ചയായ രണ്ടാം യൂറോപ്യൻ കിരീടം നേരിടുന്നത്. മാൾഡിനിക്ക് മുന്നിൽ ക്രൈഫിന്റെ ബാഴ്‌സ നിശബ്ദരായി. ഇതിനിടയിൽ ബരേസി, ഫിലിപ്പോ ഗല്ലി, കൃസ്ത്യൻ പാനൂച്ചി തുടങ്ങി പിന്നീട്‌ വിഖ്യാതമായ അലക്സാണ്ടർ നെസ്റ്റ തുടങ്ങിയവർ മാൾഡിനിക്ക് ഒപ്പം ബൂട്ട് കെട്ടി പ്രതിരോധം തീർത്തും.

1996 ലാണ് മിലാന്റെ നായകത്വം മാൾഡിനിയെ തേടിയെത്തുന്നത്. പിന്നീട് 13 വർഷം മിലാന്റെ ക്യാപ്റ്റൻ പദവി ആ കൈകളിൽ ഭദ്രമായിരുന്നു. ദ ക്യാപ്റ്റൻ എന്നു ഫാൻസ് വിളിച്ച മാൾഡിനിക്കും മിലാനും 90 കളുടെ അവസാനം അത്ര നന്നായിരുന്നില്ല. എന്നാൽ കാർലോ ആഞ്ചലോട്ടി 2001 ൽ മിലാൻ പരിശീലകനായതോടെ ലോകം കണ്ടത് മറ്റൊരു മിലാൻ മുന്നേറ്റമായിരുന്നു. 2003 ൽ ഓൾഡ് ട്രാഫോഡിൽ അച്ഛൻ ക്യാപ്റ്റനായി ഉയർത്തിയ(സിസാരെയും ബ്രിട്ടീഷ് മണ്ണിലാണ് ചാമ്പ്യൻസ് കപ്പ് ഉയർത്തിയത്) ചാമ്പ്യൻസ് ലീഗ് 40 വർഷത്തിന് ഇപ്പുറം ക്യാപ്റ്റൻ മാൾഡിനി ഉയർത്തി. ശത്രുക്കളായ യുവന്റെസിനെ പെനാൾട്ടിയിൽ വീഴ്ത്തിയായിരുന്നു കിരീടനേട്ടം. 2005 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 51 മത്തെ സെക്കന്റിൽ അപൂർവ്വമായി മാത്രം ഗോളടിക്കുന്ന മാൾഡിനി ഗോൾ നേടി. ഇന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഏറ്റവും പ്രായം കൂടിയ ആൾ നേടുന്ന ഗോൾ. 37 വയസ്സായിരുന്നു മാൾഡിനിക്കു. എന്നാൽ പിന്നീട് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമെന്നു പിന്നീട് മാൾഡിനി വിളിച്ച ആ രാത്രി ആദ്യപകുതി 3-0 മുന്നിൽ നിന്ന മിലാൻ ലിവർപൂളിനോട് പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോറ്റു. 2006 ൽ ലോകകപ്പ് നേടിയ ഇറ്റലിക്കും മിലാനടക്കമുള്ള ക്ലബുകൾക്കും നാണക്കേടായി മാച്ച് ഫിക്‌സിങ് വിവാദം ഇറ്റാലിയൻ ഫുട്‌ബോളിനെ ഉലച്ചു. മിലാന്റെ പോയിന്റ് ഡ്രോപ്പ് ചെയ്തപ്പോൾ യുവന്റസ് തരം താഴ്ത്തൽ നേരിട്ടു, ഇന്റർ മിലാൻ ലീഗ് നേടിയ ആ സീസണിൽ എങ്കിലും 3 മതെത്തിയ മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. 2007 ൽ പക്ഷെ ഇസ്‌താപൂളിലെ ആ ദുസ്വപ്നത്തിന് മിലാൻ ലിവർപൂളിനോട് പകരം ചോദിക്കുക തന്നെ ചെയ്തു. വിവാദങ്ങൾക്ക് നടുവിലും 6 വർഷത്തിനിടെ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മിലാനായി ക്യാപ്റ്റനായി രണ്ടാം പ്രാവശ്യവും മൊത്തം 5 മതായും 37 കാരൻ ക്യാപ്റ്റൻ മാൾഡിനി ചാമ്പ്യൻസ് ലീഗ് ഉയർത്തി.

മിലാനായി മൊത്തം 902 മത്സരങ്ങളാണ് മാൾഡിനി കളിച്ചത്. കരിയറിൽ ഉടനീളം രാജ്യത്തിനും ക്ലബിനുമായി 1000 ത്തിലധികം മത്സരങ്ങൾ. 25 സീസൺ മുഴുവൻ സീരി എയിൽ മിലാനായി മാൾഡിനി ബൂട്ട് കെട്ടി. 8 ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചു മാൾഡിനി. അതിൽ 5 തവണയും ചാമ്പ്യൻസ് ലീഗ് നേടിയ മാൾഡിനി 7 തവണ സീരി എ കിരീടവും, 1 കോപ്പ ഇറ്റാലിയ, 5 തവണ വീതം സൂപ്പർ കോപ്പ ഇറ്റാലിയാന, യൂറോപ്യൻ സൂപ്പർ കപ്പ്‌, 2 തവണ ഇന്റർ കൊണ്ടിനെന്റനൽ കപ്പ്, ഒരു തവണ ക്ലബ് വേൾഡ്‌ കപ്പ് തുടങ്ങിയവയും മിലാനായി സ്വന്തമാക്കി. 24 മെയ് 2009 തിന് റോമക്കെതിരായ തോൽവി അറിഞ്ഞ മത്സരമാണ് തന്റെ സ്വന്തം സാൻ സിറോയിൽ മാൽഡിനി കളിച്ച അവസാന മത്സരം. 41 വയസ്സിൽ ഫിയറന്റോണക്കെതിരായ ജയത്തോടെയാണ് മാൾഡിനി ഫുട്‌ബോളിനോടും മിലാനോടും വിട നൽകുന്നത്. മിലാൻ ആരാദർക്കൊപ്പം ലോകവും അന്ന് ആ മനുഷ്യനായി എഴുന്നേറ്റു നിന്നു കയ്യടിച്ചു.

ക്ലബ് തലത്തിൽ സ്വന്തമാക്കാൻ ഒന്നുമില്ലാത്ത മാൾഡിനിയെയാണ് കണ്ടതെങ്കിൽ ഇറ്റലിക്കായി പൊരുതി എന്നും തോറ്റു പോയൊരു മാൾഡിനിയെയാണ് നമുക്ക് കാണുക. 1988 ൽ യൂഗോസ്‌ലാവിയാക്കെതിരെ 19 വയസ്സിലാണ് മാൾഡിനി ഇറ്റലിയുടെ നീലകുപ്പായം അണിയുന്നത്. 1990 ൽ നാട്ടിൽ നടന്ന ലോകകപ്പിൽ ഇറ്റാലിയൻ പ്രതിരോധം അതിന്റെ ഉന്നതിയിൽ നിന്നപ്പോൾ എതിരാളികൾ ഗോളടിക്കാൻ പറ്റാതെ വിയർത്തു. ലോകകപ്പിൽ ഉടനീളം വെറും 2 ഗോൾ മാത്രം വഴങ്ങിയ മാൽഡിനിയും സംഘവും 518 മിനിറ്റുകൾ ഒരു ഗോൾ പോലും വഴങ്ങാതെ പുതിയ ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി. എന്നാൽ സെമിഫൈനലിൽ അർജന്റീനക്കെതിരെ അധികസമയത്തിനും അപ്പുറം പെനാൾട്ടിയിൽ തോൽവി വഴങ്ങിയ മാൾഡിനിയെയും ഇറ്റലിയെയും വിടാതെ പിന്തുടരുന്നുണ്ട് പെനാൾ ട്ടി ഷൂട്ട് ഔട്ട് പിന്നീടങ്ങോട്ട്. 3 സ്ഥാനം സ്വന്തമാക്കിയ ഇടലിക്കൊപ്പം മാൽഡിനി ലോകകപ്പിന്റെ ടീമിലും ഇടം കണ്ടത്തി.

1994 ലോകകപ്പിൽ ബരേസിയുടെ പരിക്കുകാരണം ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും അമിതച്ചുമതല വഹിച്ച മാൽഡിനി ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. റോബർട്ടോ ബാജിയോക്കൊപ്പം ലോകവും കരഞ്ഞ ആ ഫൈനലിൽ ബ്രസീലിനോട് പെനാൾട്ടിയിൽ തോറ്റ ഇറ്റലി രണ്ടാമതായി. 1994 ൽ ബരേസിക്കു പിന്നാലെ രാജ്യത്തിന്റെ നായകസ്ഥാനം മാൽഡിനി ഏറ്റെടുക്കുന്നു. 1996 യൂറോയിൽ ആദ്യ റൗണ്ടിൽ തന്നെ ദയനീയമായാണ് ഇറ്റലി പുറത്ത് പോയത്. എന്നാൽ ആ നാണക്കേട് മായിക്കാനായിരുന്നു മാൽഡിനിയും, നെസ്റ്റേയും, കന്നവാരയും ഒക്കെ കാത്ത ഇറ്റാലിയൻ പ്രതിരോധമുള്ള ടീം ഫ്രാൻസിലേക്ക് 1998 ൽ വിമാനം കയറിയത്. എന്നാൽ ക്വാട്ടറിൽ ഫ്രാൻസിനോട് വീണ്ടും പെനാൾട്ടി ഷൂട്ട് ഔട്ടിലൂടെ വീണ്ടും തോൽവി.

1994 നു ശേഷം രാജ്യത്തിനായി ഒരു കിരീടാമെന്ന മാൽഡിനി സ്വപ്നങ്ങൾക്ക് 2000 യൂറോയിൽ ജീവൻ വച്ചു. എന്നാൽ ഫൈനലിൽ വീണ്ടും ഫ്രാൻസിനോട് ഫുട്‌ബോളിൽ കുറച്ച്‌ കാലം മാത്രം പരീക്ഷിച്ച അധികസമയത്തെ ട്രസഗയുടെ ഗോൾഡൻ ഗോളിൽ തട്ടി വീണ്ടും മാൽഡിനിക്ക് കണ്ണീർ. 2002 ലോകകപ്പിലും വില്ലനായി ഗോൾഡൻ ഗോൾ എത്തി. ആദ്യ 16 ൽ വിവാദങ്ങൾ നിറഞ്ഞ മത്സരത്തിൽ ദക്ഷിണ കൊറിയ 10 പേരായി ചുരുങ്ങിയ ഇറ്റലിയയെ അധികസമയത്ത് തോല്പിക്കുന്നു. വീണ്ടും മാൽഡിനിക്ക് കണ്ണീർ മാത്രം. 4 ലോകകപ്പ് കളിച്ച, അതിലായി 23 മത്സരങ്ങൾ കളിച്ച, 2216 മിനിറ്റ് ലോകകപ്പ് കളിച്ച(ലോകകപ്പ് റെക്കോർഡ്) ഒരോ തവണ വീതം ലോകകപ്പിലും യൂറോകപ്പിലും രണ്ടാമത്തെത്തിയ മാൾഡിനി ആ വർഷം തന്നെ രാജ്യാന്തര മത്സരങ്ങളോട് വിട പറഞ്ഞു. ഇറ്റലിക്കായി 126 മത്സരങ്ങൾ കളിച്ച് 7 ഗോളുകൾ നേടിയ മാൾഡിനി 74 എണ്ണത്തിലും രാജ്യത്തെ നയിച്ചു.(ഫുട്‌ബോൾ റെക്കോർഡ് ആണ്). സങ്കടകരമായ സംഗതി അതിനടുത്ത ലോകകപ്പിൽ കന്നവാരയും സംഘവും ലോകകപ്പ് ഇറ്റലിക്കായി ഉയർത്തിയത് സന്തോഷത്തോടെയാണെങ്കിലും ഇത്തിരി മനോവിഷമത്തോടെയല്ലാതെ മാൽഡിനിക്ക് കണ്ടിരിക്കാനാവില്ല. അതെ, അത് പലപ്പോഴും അതിക്രൂരമാണ്.

മാറ്റു പ്രതിരോധതാരങ്ങളിൽ നിന്നും മാൾഡിനി വ്യത്യസ്തമാവുന്നത് പന്തിനോടുള്ള മാൾഡിനിയുടെ സമീപനമാണെന്നു ഒരിക്കൽ ഇതിഹാസതാരം റൊണാൾഡീന്യോ പറഞ്ഞിട്ടുണ്ട്. എന്നും ഒരു പ്രതിരോധനിരക്കാരനെ പോലെയല്ല ഒരു എല്ലാം തികഞ്ഞ മധ്യനിരക്കാരനെ പോലെയായിരുന്നു മാൾഡിനി പന്ത് സ്വീകരിച്ചതിരുന്നതെന്നാണ് റൊണാൾഡീന്യോ നിരീക്ഷിച്ചത്. ടാക്കിൾ ചെയ്യൽ ആണ് അതിലെ കൃത്യതയാണ് പ്രതിരോധനിരക്കാരന്റെ കഴിവ് എന്നു വിശ്വസിച്ചവരെയാണ് ഒരു ടാക്കിൾ ചെയ്യേണ്ടി വന്നു എന്നാൽ ഞാനൊരു പിഴവ് വരുത്തി എന്നതാണ് എന്നു പറഞ്ഞു മാൾഡിനി തിരുത്തുന്നത്. ഇങ്ങനെ ഒരർത്ഥത്തിൽ പ്രതിരോധമെന്ന കലക്ക് പുതിയ മാനങ്ങൾ നൽകുകയായിരുന്നു മാൾഡിനി. തന്റെ ഏറ്റവും വലിയ എക്കാലത്തെയും വലിയ എതിരാളി ആണെന്ന് മാൾഡിനിയെ കണ്ട ബ്രസീലിയൻ ഇതിഹാസം റൊണാൾഡോക്കും ലോകത്തിനും മാൾഡിനിയുടെ വലിപ്പം അറിയാമായിരുന്നു.

വിരമിച്ച ശേഷവും സന്നദ്ധപ്രവർത്തഞങ്ങളിൽ ഒരുപാട് മുഴുകിയ മനുഷ്യസ്നേഹിയായ മാൾഡിനിയെയും ലോകം കണ്ടു. ഒരിക്കലും ഫുട്‌ബോൾ പരിശീലനത്തിനില്ലന്ന് പറഞ്ഞ മാൾഡിനി മിയാമി എഫ്‌.സി എന്ന അമേരിക്കൻ ക്ലബിന്റെ സഹ ഉടമയായും, തന്റെ സ്വന്തം മിലാന്റെ സ്പോർട്ടിങ് ഡയറക്ടർ ആയും ഫുട്‌ബോൾ ബന്ധം തുടരുന്നുണ്ട്. ഇടക്ക് ടെന്നീസിലും ഒരു കൈ നോക്കിയ മാൾഡിനി ഡബിൾസിൽ കുറെ ടൂർണമെന്റ് കളിൽ മത്സരത്തിനിറങ്ങി.

എ. സി മിലാൻ അവരുടെ ക്യാപ്റ്റന്റെ വിഖ്യാതമായ 3 നമ്പർ ജെഴ്സി ഇന്നും മാറ്റി വച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ പ്ലാലോ മാൾഡിനിയുടെ മകൻ മിലാനായി ബൂട്ട് കെട്ടുകയാണെങ്കിൽ അവനു മാത്രമായി, ഒരു ശീലത്തിന്റെ തുടർച്ചക്ക് മാത്രമായി. എന്തെന്നാൽ മിലാനു മാത്രമല്ല ലോകത്തിനു മൊത്തവും അറിയാം മാൾഡിനിക്ക് പിൻഗാമിയെ തേടുക പാഴ്‌വേലയാണെന്നു എന്തെന്നാൽ മാൾഡിനിക്ക് പകരം മാൾഡിനി മാത്രമേ ഉള്ളു. മാൽഡിനി കാത്ത, നയിച്ച എ സി മിലാൻ അത് ഫുട്‌ബോളിനു ഒരിക്കലും മറക്കാനാവാത്ത ഒരു യുഗമാണ്, ഫുട്‌ബോൾ ഉള്ളടത്തോളം കാലം ആളുകൾ അതിനെ കുറിച്ചോർക്കും, ഒരു യുവപ്രതിരോധനിരക്കാരനു അതെന്നും ഒരു പാഠപുസ്തകവുമാവും. ഏതൊരു യുവ പ്രതിരോധ നിരക്കാരനും എങ്ങനെ പ്രതിരോധിക്കാം എന്നു പഠിക്കാൻ എന്നും എളുപ്പം മാൾഡിനി എങ്ങനെ പ്രതിരോധിച്ചു എന്നു പഠിക്കുന്നത് തന്നെയാവും. ഗൃഹാതരത്വം മനസ്സിൽ കൊണ്ട് വരുന്ന എന്നത്തേയും വിസ്മയമാണ് മാൾഡ്‌നി. വൈകി എങ്കിലും എ സി മിലാന്റെ, ഇറ്റലിയുടെ, ഫുട്‌ബോലിന്റെ പടത്തലവന് ഫാൻപോർട്ടിന്റെ ജന്മദിനാശംസകൾ!

Advertisement