സീരി എ യിലെ ആദ്യ മത്സരത്തിൽ യുവന്റസിന് ജയം. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഇറ്റാലിയൻ അരങ്ങേറ്റത്തിൽ പൊരുതിയാണ് യുവന്റസ് ജയിച്ചത്. യുവന്റസിനെതിരെ മികച്ച പ്രകടനമാണ് ചീവോ പുറത്തെടുത്തത്.
രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചീവോയെ ഇറ്റാലിയൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി ബെർനാഡ്സ്കിയും സമി ഖെദീരയും ഗോളടിച്ചപ്പോൾ ചീവോയ്ക്ക് വേണ്ടി സ്റ്റെപ്പിൻസ്‌കിയും ജിയചേരിനിയുമാണ് ഗോളടിച്ചത്.
റൊണാൾഡോയുടെ ആദ്യ സീരി മത്സരത്തിനോടൊപ്പം ചെലിനിയുടെ ക്യാപ്റ്റനായിട്ടുള്ള ആദ്യം മത്സരം കൂടിയായിരുന്നു ഇന്നത്തേത്.
ആദ്യം ഗോളടിച്ചത് യുവന്റസാണ്. ക്യാപ്റ്റൻ ചെലിനിയെ വീഴ്ത്തിയതിന് യാനിക്കെടുത്ത ഫ്രീ കിക്ക് ജർമ്മൻ താരം സമി ഖേദിര ഗോളാക്കി മാറ്റി.
മുൻ യുവന്റസ് താരം കൂടിയായ ഇമ്മാനുവെല്ലേ ജിയചേരിനിയുടെ അസിസ്റ്റിലാണ് സ്റ്റെപ്പിൻസ്‌കിയുടെ മനോഹരമായ ഹെഡ്ഡർ ഗോൾ പിറന്നത്. ആദ്യ പകുതിയിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞകിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ജിയചേരിനിയുടെ പെനാൽറ്റി ഗോളിലൂടെ ചീവോ ലീഡ് നേടി.
പിന്നീട് മിലാനിൽ നിന്നും തിരിച്ചെത്തിയ ബൊനുച്ചിയുടെ ഇടപെടൽ കാരണമാണ് മാറ്റിയ ബാനിയുടെ സെല്ഫ് ഗോൾ പിറന്നത്. ക്രൊയേഷ്യയുടെ ലോകകപ്പ് താരം മരിയോ മൻസുകിച് വലകുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. നിമിഷങ്ങൾക്കകം അലക്സ് സാൻഡ്രോയുടെ അസിസ്റ്റിൽ ഫെഡറിക്കോ ബെർണാഡെസ്കി യുവന്റസിന്റെ വിജയഗോൾ നേടി. ഗോളടിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ പുറത്തെടുത്തത്