ഇറ്റലിയിൽ കിരീടപ്പോരാട്ടം കനക്കുമ്പോൾ സമനില വഴങ്ങി ഇന്റർ മിലാൻ. ഫിയോരെന്റീനക്കെതിരെയാണ് ഇന്ററിന്റെ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയന്റ് പങ്കിട്ട് പിരിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ തോറ്റ് പുറത്തായ ഇന്റർ വീണ്ടും പോയന്റ് നഷ്ടപ്പെടുത്തി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഇന്ററിന് വേണ്ടി ഡെംഫ്രിസ് ഗോളടിച്ചപ്പോൾ ഫിയോരെന്റീനക്ക് വേണ്ടി ടൊറെയ്ര ഗോളടിച്ചു.
ലൗടാരോ മാർട്ടിനെസ് കളിയുടെ 40ആം മിനുട്ടിൽ ഫിയോരെന്റീനയുടെ ഗോൾ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈട് വിളിച്ചു. പിന്നീട് വിദാലും റീബൗണ്ടിൽ ബാരെല്ലയും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഫിയോരെന്റീന ഗോൾകീപ്പർ സേവ് ചെയ്തു. ആദ്യം ഫിയോരെന്റീന ഗോളടിച്ചെങ്കിലും അഞ്ച് മിനുട്ടിനുള്ളിൽ ഡെംഫ്രിസിലൂടെ ഇന്റർ സമനില പിടിച്ചു. പിന്നീട് ഇന്ററിന് പെനാൽറ്റി ലഭിച്ചെങ്കിലും വാറിന്റെ ഇടപെടൽ ഫിയോരെന്റീനക്ക് അനുകൂലമായി.