ഇറ്റാലിയൻ സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന അറ്റലാന്റക്ക് വലിയ തിരിച്ചടിയായി ഫിയറന്റീനയോട് തോൽവി. എതിരില്ലാത്ത ഒരു ഗോളുകൾക്ക് ആണ് ഫിയറന്റീന മത്സരത്തിൽ ജയം കണ്ടത്. സീസണിൽ ഇത് ആദ്യമായാണ് അറ്റലാന്റ ഒരു അവേ മത്സരം തോൽക്കുന്നത്, കൂടാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ജയം കാണാനും അവർക്ക് ആയിട്ടില്ല. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും തുല്യത പാലിച്ച മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നത് ഫിയറന്റീന തന്നെയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ പാസിൽ നിന്നു ക്രിസ്റ്റോഫ് പിയാറ്റക് ആണ് ഫിയറന്റീനക്ക് വിജയ ഗോൾ സമ്മാനിച്ചത്. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് എത്താൻ ഫിയറന്റീനക്ക് ആയി. തോൽവിയോടെ അറ്റലാന്റ അഞ്ചാം സ്ഥാനത്ത് തുടരും. നിലവിൽ ഒരു മത്സരം അറ്റലാന്റയെക്കാൾ അധികം കളിച്ച നാലാമതുള്ള യുവന്റസിനെക്കാൾ മൂന്നു പോയിന്റ് പിറകിൽ ആണ് അറ്റലാന്റ.