സീരി എയിലെ ഈ സീസൺ റദ്ദാക്കണം എന്ന ആവശ്യവുമായി ഇറ്റാലിയൻ കായിക മന്ത്രി വിൻസെൻസോ സ്പദഫോറ. കൊറോണ വൈറസ് വ്യാപിക്കുന്ന അവസ്ഥയിൽ താരങ്ങളുടെ സുരക്ഷ പരിഗണിക്കണം എന്നും ഫുട്ബോൾ അല്ല പ്രധാനം എന്നും ചൂണ്ടിക്കാട്ടിയാണ് വിൻസെൻസോ ലീഗ് റദ്ദാക്കാൻ ആവശ്യപ്പെടുന്നത്. അടുത്ത സീസണിൽ പുതിയ ലീഗ് സീസൺ തുടങ്ങാം എന്നും ഇത്തവണ ലീഗ് ഉപേക്ഷിക്കാം എന്നും അദ്ദേഹം പറയുന്നു.
ഇറ്റലിയിലെ പ്ലയേർസ് അസോസിയേഷനും ലീഗ് റദ്ദാക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ആ ആവശ്യത്തിനൊപ്പമാണ് താൻ എന്നും വിൻസെൻസോ പറഞ്ഞു. പക്ഷെ ലീഗ് റദ്ദാക്കിയാൽ ഉണ്ടാകാൻ പോകുന്ന വൻ സാമ്പത്തിക ബാധ്യതകൾ കണക്കിലെടുത്ത് ഇതുവരെ അത്തരമൊരു തീരുമാനം എടുക്കാൻ ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ മുതിർന്നിട്ടില്ല. ഇപ്പോൾ ഏപ്രിൽ 3ആം തീയതി വരെയുള്ള മത്സരങ്ങൾ കാണികൾ ഇല്ലാതെ നടത്താം എന്നാണ് ഇറ്റാലിയൻ എഫ് എ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ കൊറോണ വേഗത്തിൽ പടരുന്ന രാജ്യമാണ് ഇറ്റലി.