ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചു കുലുക്കിയ വാതുവെപ്പ് വിവാദത്തിന് പിറകെ സാൻഡ്രോ ടോണാലി വാതുവെപ്പിന് അടിമപ്പെട്ടിരുന്നതായി വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ് ആയ റിസോ. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ താരം ഇതിനെതിരെ പോരാടുമെന്നും ബെറ്റിങ് വിവാദം ഇപ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങിയത് ഈ ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ താരത്തിനും മറ്റനേകം യുവാക്കൾക്കും മുന്നിൽ വഴിവെച്ചേക്കും എന്നും ഏജന്റ് അഭിപ്രായപ്പെട്ടു. അതേ സമയം നിലവിലെ സംഭവ വികസങ്ങളിൽ ടോണാലി ഞെട്ടലിൽ ആണെങ്കിലും താരം പരിശീലനം തുടരുന്നതായും അടുത്ത മത്സരത്തിൽ കളത്തിൽ ഇറങ്ങാൻ സാധിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. പിന്തുണ നൽകുന്നതിൽ ന്യൂകാസിൽ ടീമിനോടുള്ള നന്ദിയും റിസോ അറിയിച്ചു.
അതേ സമയം അന്വേഷണ സംഘത്തിന് മുന്നിൽ എത്രയും പെട്ടെന്ന് ഹാജർ ആവനാണ് ടോണാലിയുടെ ശ്രമം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീണ്ട സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ നേരിട്ടേക്കും എന്നുറപ്പുള്ള താരം, എത്രയും പെട്ടെന്ന് ഈ കേസിൽ തീരുമാനം ഉണ്ടാവനാണ് ആഗ്രഹിക്കുന്നത് എന്ന് ലാ ഗസെറ്റ റിപ്പോർട്ട് ചെയ്യുന്നു. ബെറ്റിങ് ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ തെറാപ്പിസ്റ്റുകകളുടെ സഹായവും താരം തേടുന്നതായി വാർത്ത വന്നിരുന്നു. കേസിൽ അകപ്പെട്ട മറ്റൊരു താരമായ യുവന്റസിന്റെ ഫാഗിയോലിയുടെ അഭിഭാഷകരും പ്രോസിക്യൂഷനുമായി ചർച്ചകൾ നടക്കുന്നതായും സൂചനകൾ ഉണ്ട്. കേസിൽ ആദ്യം അകപ്പെട്ട താരത്തിന് ഒരു വർഷത്തോളം എങ്കിലും സസ്‌പെൻഷൻ ഉറപ്പാണെന്നിരിക്കെ ഇത് കുറക്കാനുള്ള വഴികൾ തേടുകയാണ് താരത്തിന്റെ അഭിഭാഷകർ.