സീരി അവസാനിക്കാൻ ഇനി നാലു മത്സരങ്ങൾ ആണ് ഉള്ളത്. കിരീടം കയ്യെത്തും ദൂരത്തിൽ ഉള്ള യുവന്റസിന് ഇനി വെറും 4 പോയിന്റ് മാത്രമേ കിരീടം ഉറപ്പിക്കാൻ വേണ്ടതുള്ളൂ. 30 ഗോളുകൾ ഇതിനകം തന്നെ ഈ സീസണിലെ ലീഗിൽ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ തന്നെ വലിയ റെക്കോർഡ് കുറിച്ചിരുന്നു. സീരി എയിൽ 50 ഗോളുകൾ പിന്നിട്ട റൊണാൾഡോ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, സീരി എ എന്നിവിടങ്ങളിൽ 50 ഗോളുകൾ നേടുന്ന ആദ്യ താരമായി മാറിയിരുന്നു.
ഇനി റൊണാൾഡോയ്ക്ക് മുന്നിൽ ഒരുപാട് റെക്കോർഡുകൾ ഉണ്ട്. ഒരു ഗോൾ കൂടെ നേടി 31 ഗോളിൽ എത്തുക ആണെങ്കിൽ ഇറ്റാലിയൻ ഇതിഹാസം ഫെലിസെ ബോറലിന്റെ റെക്കോർഡിനൊപ്പം റൊണാൾഡോക്ക് എത്താം. യുവന്റസിനായി 1934ൽ ബോറെൽ 31 ഗോളുകൾ നേടിയ ശേഷം വേറെ ആരും ആ നേട്ടത്തിൽ എത്തിയിട്ടില്ല. 36 ഗോളുകളിൽ റൊണാൾഡോ എത്തുക ആണെങ്കിൽ ഹിഗ്വയിന്റെ റെക്കോർഡായ സീരി എയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടത്തിലും റൊണാൾഡോക്ക് എത്താം.
34 ലീഗ് ഗോളുകളിൽ എത്തിയ ലെവൻഡോസിയുടെ യൂറോപ്പിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്നതിനൊപ്പവും റൊണാൾഡോക്ക് എത്താം. ഇപ്പോൾ 30 ഗോളുമായി സീരി എയിൽ ടോപ്പ് സ്കോറർ പുരസ്കാരത്തിനായി റൊണാൾഡോക്ക് ഒപ്പം മത്സരിക്കുന്ന ഇമ്മൊബിലെയെ മറികടക്കലും റൊണാൾഡോയുടെ ലക്ഷ്യമാകും