ഇറ്റലിയിൽ ബുള്ളറ്റ് ലോങ് റേഞ്ചർ ഉൾപ്പെടെ ഒരു റൊണാൾഡോ മാസ്റ്റർ ക്ലാസ്!!

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശരിക്കുമുള്ള കരുത്ത് ഇറ്റാലിയൻ ഫുട്ബോൾ അറിഞ്ഞു തുടങ്ങി. ഇന്ന് എമ്പോളൊയെ നേരിട്ട യുവന്റസിനെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് റൊണാൾഡോ വിജയിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ക്ഷീണത്തിൽ ഇറങ്ങിയ യുവന്റസ് ആദ്യ പകുതിയിൽ എമ്പോളിയുടെ ഗ്രൗണ്ടിൽ ഒരു ഗോളിന് പിറകിൽ പോയിരുന്നു. 28ആം മിനുട്ടിൽ കപൂറ്റോ ആണ് എമ്പോളിക്കായി ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി റൊണാൾഡോ യുവന്റസിനെ വിജയത്തിൽ എത്തിച്ചു. 54ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. ഡിബാല നേടിയ പെനാൾട്ടി റൊണാൾഡോ അനായാസം ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. 70ആം മിനുട്ടിലാണ് യുവന്റസ് വിജയ ഗോൾ പിറന്നത്. ഒരു തണ്ടർബോൾട്ട് ഷോട്ടിലൂടെ ആയിരുന്നു റൊണാൾഡോ വിജയ ഗോൾ നേടിയത്.

25വാര അകലെ നിന്ന് റൊണാൾഡോ തൊടുത്ത ഷോട്ട് തൊടാൻ വരെ എമ്പോളി കീപ്പർക്ക് ആയില്ല‌. വിജയിച്ചു എന്നത് ഒഴിച്ചാൽ യുവന്റസിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല ഇന്ന്. ഇന്നത്തെ ജയത്തോടെ യുവന്റസിന്റെ ലീഗിലെ അപരാജിത കുതിപ്പ് 10 മത്സരങ്ങളായി.

Advertisement