ഇനി യുവന്റസിന് ഇറ്റാലിയൻ കിരീടത്തിലേക്ക് എത്താൻ വലിയ പ്രയാസങ്ങളിൽ ഇല്ല. അവർക്ക് ബാക്കിയുള്ള മത്സരങ്ങളിൽ ഏറ്റവും പ്രധാനമായിരുന്ന ലാസിയോക്ക് എതിരായ മത്സരം യുവന്റസ് വിജയിച്ചിരിക്കുകയാണ്. അതും ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അത്ഭുത പ്രതിഭാസത്തിന്റെ മികവിൽ. ഇന്ന് യുവന്റസ് 2-1 എന്ന സ്കോറിന് ലാസിയോയെ വീഴ്ത്തിപ്പോൾ യുവന്റസിന്റെ രണ്ട് ഗോളും പിറന്നത് റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു.
ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 51ആം മിനുട്ടിലാണ് യുവന്റസിന്റെ ആദ്യ ഗോൾ വന്നത്. യുവന്റസിന് ലഭിച്ച പെനാൾട്ടി ഒട്ടും പിഴക്കാതെ റൊണാൾഡോ വലയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ 54ആം മിനുട്ടിൽ റൊണാൾഡോയുടെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഡിബാലയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ഈ ഗോളോടെ റൊണാൾഡോയ്ക്ക് സീരി എയിൽ ഈ സീസണിൽ മാത്രം 30 ഗോളുകളായി.
മത്സരത്തിന്റെ 83ആം മിനുട്ടിൽ ഇമ്മൊബിലെയാണ് ഒരു പെനാൾട്ടിയിലൂടെ ലാസിയോയുടെ ഏക ഗോൾ നേടിയത്. ഈ ഗോളോടെ ഇമ്മൊബിലെയും ലീഗിൽ 30 ഗോളുകൾ നേടി. ഈ വിജയം യുവന്റസിനെ 80 പോയന്റിൽ എത്തിച്ചു. ഇനി ബാക്കിയുള്ള 4 മത്സരങ്ങളിൽ 4 പോയന്റ് നേടിയാൽ യുവന്റസിന് കിരീടം നേടാം. രണ്ടാമതുള്ള ഇന്റർ മിലാണ് 72 പോയന്റ് മാത്രമേ ഉള്ളൂ. ലാസിയോ 69 പോയന്റുമായി ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്.