ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ യുവന്റസിലേക്കുള്ള തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരം കളിച്ചു. ഇന്നലെ ടൂറിൻ ഡർബിയിൽ ടൊറീനോക്ക് എതിരെ രണ്ടാം പകുതിയിൽ സബ്ബായി പോഗ്ബ കളത്തിൽ എത്തി. മത്സരം 4-2 എന്ന സ്കോറിന് യുവന്റസ് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പോഗ്ബ യുവന്റസിന്റെ ഫസ്റ്റ് ടീമും നെക്റ്റ്സ് ജെൻ ടീമുമായുള്ള പരിശീലന മത്സരത്തിൽ കളിച്ച് ഫിറ്റ്നസ് തെളിയിച്ചിരുന്നു. ഇനി പോഗ്ബ സ്ഥിരമായി യുവന്റസ് നിരയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ഈ സീസൺ തുടക്കത്തിൽ ഫ്രീ ഏജന്റായി യുവന്റസിൽ എത്തിയ പോഗ്ബയ്ക്ക് ഒരു മത്സരം പോലും യുവന്റസിനായി കളിക്കാൻ ആയിരുന്നില്ല. പ്രീസീസൺ സമയത്ത് പരിക്കേറ്റ പോഗ്ബ കുറേ മാസങ്ങളായി കളത്തിനു പുറത്ത് തന്നെയാണ്. പോഗ്ബയ്ക്ക് ഫ്രാൻസിന് ഒപ്പമുള്ള ലോകകപ്പ് വരെ ഈ പരിക്ക് കാരണം നഷ്ടമായി. അവസാന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും പോഗ്ബയെ പരിക്ക് നിരന്തരം വേട്ടയാടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് പോഗ്ബ അവസാനം ഒരു മത്സരം കളിച്ചത്