ലെവൻഡോസ്കിയുടെ നാട്ടിൽ നിന്ന് മറ്റൊരു ഗോൾ വേട്ടക്കാരൻ

യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ വേട്ടകാരുടെ നിരയിലേക്ക് മറ്റൊരു പോളിഷ് താരം കൂടെ വരുന്നു. ഇറ്റാലിയൻ ക്ലബ്ബ് ജനോവയുടെ സ്‌ട്രൈക്കർ ക്രിഷ്ടോവ് പ്യോട്ടെക് ആണ് ഈ സീസണിൽ ഉദിച്ചു ഉയർന്ന താരോദയം. ഈ സീസണിൽ ജനോവയിൽ എത്തിയ താരം 10 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ ഇതുവരെ നേടിയതോടെയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കൾ അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുന്നത്.

പോളണ്ട് സമ്മാനിച്ച എക്കാലത്തെയും മികച്ച സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി കരിയറിന്റെ അവസാനത്തോട് അടുക്കുന്ന ഘട്ടത്തിലാണ് 23 വയസുകാരനായ ക്രിഷ്ടോവ് പ്യോട്ടെക് രംഗ പ്രവേശനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ജനോവ വെറും 4 മില്യൺ യൂറോ മാത്രം നൽകി സ്വന്തമാക്കിയ സ്‌ട്രൈക്കറുടെ മൂല്യം ഇന്ന് 4 മാസങ്ങൾക്ക് ഇപ്പുറം 40 മില്യൺ ന് പുറത്താണ്. പോളിഷ് ക്ലബ്ബ് ക്രാക്കോവിയായിൽ നിന്നാണ്‌ താരത്തെ ജനോവ സ്വന്തമാക്കിയത്.

യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കൾ താരത്തിന്റെ ട്രാൻസ്ഫറിന് തയ്യാറായി എത്തിയിട്ടുണ്ടെന്ന്‌ താരത്തിന്റെ ഏജന്റ് അറിയിച്ചിട്ടുണ്ട്. മൗറീസിയോ സാറിയുടെ ചെൽസി താരത്തെ ജനുവരിയിൽ തന്നെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. പക്ഷെ അതത്ര എളുപ്പമാവില്ല. നാപോളിയും യുവന്റസും താരത്തെ ലക്ഷ്യമിട്ടിട്ടുണ്ട്.

ഈ സീസൺ 4 മാസം പിന്നിട്ടിട്ടെ ഒള്ളൂ എങ്കിലും നിലവിൽ യൂറോപ്പിൽ ഗോളടിയിൽ മെസ്സിയേക്കാളും റൊണാൾഡോയേക്കാളും മുന്നിലാണ് താരം. റൊണാൾഡോയുടെ യുവന്റസ് വരവോടെ സീരി എ യിൽ റൊണാൾഡോ ശ്രദ്ധ മാത്രമാവുമെന്ന് കരുത്തിയവരെ അമ്പരപ്പിച്ച് ക്രിഷ്ടോവ് പ്യോട്ടെക് സീരി എ യിൽ അരങ്ങ് തകർക്കുകയാണ്. റൊണാൾഡോ കേവലം 4 സീരി എ ഗോളുകൾ നേടിയപ്പോൾ ക്രിഷ്ടോവ് പ്യോട്ടെക് ഇതുവരെ 9 ലീഗ് ഗോളുകൾ നേടി. ഏതായാലും ഈ സീസണിനപ്പുറം താരത്തെ ക്ലബ്ബിൽ നിലനിർത്തുക എന്നത് ജനോവക്ക് ശ്രമകരമാകും.

Previous articleയുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് ജയം, അയർലണ്ട് പുറത്തേക്ക്
Next articleഐ എസ് എൽ ഇടവേള കഴിഞ്ഞു, ഇന്ന് കോപ്പൽ ഡെൽഹിയിൽ