റഫറിയെ അടിച്ചു, ബ്രസീലിയൻ താരത്തിന് വിലക്ക്, മിലാന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ മങ്ങുന്നു

Newsroom

ഇറ്റലിയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന എ സി മിലാന്റെ പ്രതീക്ഷകൾക്ക് വൻ തിരിച്ചടി. മിലാനു വേണ്ടി മികച്ച പ്രകടനം നടത്തി വരുകയായിരുന്ന ബ്രസീലിയൻ യുവതാരം പക്വേറ്റയ്ക്ക് വിലക്ക് വന്നതാണ് എ സി മിലാന് വിനയായത്. കഴിഞ്ഞ മത്സരത്തിൽ ബൊളോഗ്നയ്ക്ക് എതിരെ റഫറിയെ അടിച്ചതിനാലാണ് പക്വേറ്റയ്ക്ക് വിലക്ക് വന്നത്. മൂന്ന് മത്സരങ്ങളിലാണ് വിലക്ക്. ഇനി സീസണിൽ മൂന്ന് മത്സരങ്ങളെ ശേഷിക്കുന്നുള്ളൂ. അതിനർത്ഥം ഇനി പക്വേറ്റയ്ക്ക് സീസൺ കളിക്കാൻ ആവില്ല എന്നാണ്.

മത്സരത്തിനിടെ മഞ്ഞകാർഡ് വിളിച്ച റഫറിയുടെ കൈ തട്ടി തെറിപ്പിച്ചതാണ് പ്രശ്നമായത്. അപ്പോൾ തന്നെ രണ്ടാം മഞ്ഞക്കാർഡ് കിട്ടി പക്വേറ്റ കളത്തിന് പുറത്തു പോയിരുന്നു. ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് മിലാൻ ഉള്ളത്. നാലാമതുള്ള അറ്റലാന്റയെക്കാൾ മൂന്ന് പോയിന്റ് കുറവ്. പക്വേറ്റയുടെ അഭാവത്തിൽ മിലാൻ കൂടുതൽ പതറും എന്നാണ് മിലാൻ ആരാധകർ ഭയക്കുന്നത്.