നാപോളി യുവന്റസ് മത്സരം സമനിലയിൽ

സീരി എയിൽ ഇന്ന് നടന്ന വലിയ മത്സരത്തിൽ യുവന്റസും നാപോളിയും സമനിലയിൽ പിരിഞ്ഞു. ടൂറിനിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും 1-1 എന്ന സ്കോറിൽ ആണ് കളി അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ മെർടൻസിലൂടെ നാപോളി ആണ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ നാപോളി തന്നെയാണ് മികച്ചു നിന്നത്. മികച്ച അവസരങ്ങൾ അവർ സൃഷ്ടിച്ചു എങ്കിലും ലീഡ് ഉയർത്താൻ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ കിയേസ യുവന്റസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഇതിനു ശേഷം കളി യുവന്റസിന്റെ നിയന്ത്രണത്തിലായി. ഡിബാല കൂടെ സബ്ബായി എത്തിയതോടെ യുവന്റസ് അറ്റാക്കുകൾക്ക് മൂർച്ച കൂടി. പക്ഷെ വിജയ ഗോൾ പിറന്നില്ല. നാപോളി 40 പോയിന്റുമായി മൂന്നാം സ്ഥാനത്തും യുവന്റസ് 35 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്തും ആണ് ഉള്ളത്.