രണ്ട് ചുവപ്പ് കാർഡും മൂന്ന് ഗോളുകളും വാങ്ങി മൗറീനോയുടെ റോമ വീണ്ടും മിലാന് മുന്നിൽ തകർന്നു

Newsroom

Giroud Milan
Download the Fanport app now!
Appstore Badge
Google Play Badge 1

ജോസെ മൗറീനോയുടെ റോമ ഒരിക്കൽ കൂടെ വലിയ മത്സരത്തിൽ പരാജയപ്പെട്ടു. ഇന്ന് ഈ വർഷത്തെ ആദ്യ മത്സരത്തിൽ റോമയും മിലാനും സാൻസിരോയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മിലാൻ വിജയിച്ചത്. നേരത്തെ റോമിൽ വെച്ച് ഏറ്റുമുട്ടിയപ്പോഴും മിലാൻ ആയിരുന്നു വിജയിച്ചത്. ഇന്ന് ഗംഭീര തുടക്കമാണ് മിലാന് ലഭിച്ചത്. അവർ ആദ്യ 17 മിനുട്ടിൽ തന്നെ 2 ഗോളിന് ലീഡ് എടുത്തു. എട്ടാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ജിറൂഡ് ആണ് ആദ്യം ഗോൾ നേടിയത്‌. 17ആം മിനുട്ടിൽ മെസിയസ് ലീഡ് ഇരട്ടിയാക്കി. റോമ ഡിഫൻസിലെ പിഴവ് മുതലെടുത്ത് ജിറൂഡ് തൊടുത്ത് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ആ പന്ത് മെസ്സിയസ് വലയിൽ എത്തിക്കുകയും ആയിരുന്നു.

ആദ്യ പകുതിയുടെ അവസാനം ടാമി അബ്രഹാമിന്റെ ഒരു ഗോൾ റോമയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. പെലഗ്രിനിയുടെ ഒരു ഷോട്ട് ടാമിയുടെ ടച്ചിൽ ഗോൾ ആവുക ആയിരുന്നു. രണ്ടാം പകുതിയിൽ മിലാൻ കൂടുതൽ നല്ല ഫുട്ബോൾ കാഴ്ചവെച്ചു. 76ആം മിനുട്ടിൽ കാർസ്ഡോപ് ചുവപ്പ് കണ്ടതോടെ റോമ 10 പേരായി ചുരുങ്ങി. പിന്നാലെ ഇബ്രയും ലിയോയും സബ്ബായി കളത്തിൽ ഇറങ്ങി. 82ആം മിനുട്ടിൽ ഇബ്രയുടെ പാസിൽ നിന്ന് ലിയോ പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിക്കുകയും വല കണ്ടെത്തുകയും ചെയ്തു.

90ആം മിനുട്ടിൽ ലിയോയെ ബോക്സിൽ വീഴ്ത്തിയതിന് മാഞ്ചിനി ചുവപ്പ് കാണുകയും മിലാന് പെനാൾട്ടി കിട്ടുകയും ചെയ്തു. പക്ഷെ പെനാൾട്ടി ഇബ്രയ്ക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഈ ജയത്തോടെ മിലാൻ 45 പോയിന്റുമായി ഒന്നാമതുള്ള ഇന്ററിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി.