രണ്ട് ചുവപ്പ്, ഒരു പെനാൾട്ടി, നാപോളിക്ക് എതിരെ നാടകീയ പോര് ജയിച്ച് യുവന്റസ്

- Advertisement -

ഇറ്റലിയിൽ ഇന്ന് ലീഗിന്റെ തലപ്പത്ത് നടന്ന പോരാട്ടത്തിലും യുവന്റസ് വിജയിച്ചു. നാപോളിയുടെ ഗ്രൗണ്ടിൽ നടന്ന സംഭവ ബഹുലമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരു‌ന്നു യുവന്റസിന്റെ വിജയം. രണ്ട് ചുവപ്പ് കർഡുകളും ഒരു പെനാൾട്ടിയും ഇന്നത്തെ കളിയിൽ പിറന്നിരുന്നു.

ആദ്യ ചുവപ്പ് കാർഡ് നാപോളിയുടെ ഗോൾകീപ്പർക്കാണ് ലഭിച്ചത്. ഒറ്റയ്ക്ക് ഗോളിലേക്ക് കുതിക്കുകയായിരു‌ന്ന റൊണാൾഡോയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാർഡ്. ആ ഫൗളിന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച് പിയാനിച് ആണ് യുവന്റസിന് ലീഡ് നൽകിയത്. പത്തുപേരായി ചുരുങ്ങിയ നാപോളിയ്വ് ശിക്ഷിച്ച് എമിറെ ചാൻ യുവന്റസിനെ രണ്ട് ഗോളിന് മുന്നിൽ എത്തിച്ചു.

3 പോയന്റ് ഉറപ്പായെന്ന് ഉറച്ച് രണ്ടാം പകുതിക്ക് ഇറങ്ങിയ യുവന്റസിന് 46ആം മിനുട്ടിൽ തന്നെ പിഴച്ചു. പിയാനിച് രണ്ടാം മഞ്ഞകാർഡ് വാങ്ങി കളത്തിന് പുറത്തേക്ക് പോയി. രണ്ട് ടീമുകളും 10 പേരായി ചുരുങ്ങിയതോടെ നാപോളിക്ക് ജീവൻ വെച്ചു. തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയ നാപോളി 61ആം മിനുട്ടിൽ കാലിയോണിലൂടെ ഒരു ഗോൾ മടക്കി.

84ആം മിനുട്ടിൽ വാർ നൽകിയ ഒരു പെനാൾട്ടി നാപോളിക്ക് സമനില പിടിക്കാനുള്ള അവസരം നൽകി. എന്നാൽ കിക്ക് എടുത്ത ഇൻസിനിയെക്ക് പോസ്റ്റ് തടസ്സം നിന്നു. ആ അവസരം നഷ്ടപ്പെട്ടതോടെ കളി യുവന്റസ് സ്വന്തമാക്കി. ഈ വിജയത്തോടെ ഇറ്റാലിയൻ ലീഗ് കിരീട പോരാട്ടം ഏതാണ്ട് അവസാനിച്ചു. രണ്ടാമതുള്ള നാപോളിയേക്കാൾ 16 പോയന്റിന്റെ ലീഡ് ഇപ്പോൾ യുവന്റസിനുണ്ട്.

Advertisement