ഇറ്റലിയിൽ പ്രതിരോധം ശക്തമാക്കി ഗോൾ ഒന്നും വഴങ്ങാതെ അവസാന ആഴ്ചകളിൽ മുന്നേറുക ആയിരുന്ന യുവന്റസിന് വലിയ പരാജയം. ഇന്ന് സീരി എയിൽ നാപോളി യുവന്റസിന്റെ വലയിൽ അഞ്ചു ഗോളുകൾ ആണ് അടിച്ചു കയറ്റിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയവും സ്വന്തമാക്കി. ഈ മത്സരത്തിനു മുന്നേ ഈ സീരി എ സീസണിൽ യുവന്റസ് ആകെ ഏഴ് ഗോളുകളെ വഴങ്ങിയിരുന്നുള്ളൂ.
ഇന്ന് നാപോളിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 14ആം മിനുട്ടിൽ ഒസിമെനിലൂടെ ആയിരുന്നു നാപോളിയുടെ ആദ്യ ഗോൾ. ക്വരറ്റ്ഷ്കീലയുടെ ഒരു ആക്രൊബാറ്റിക് ശ്രമം ചെസ്നി തടഞ്ഞപ്പോൾ റീബൗണ്ടിലൂടെ ആയിരുന്നു ഒസിമന്റെ ആദ്യ ഗോൾ. മത്സരത്തിന്റെ 39ആം മിനുട്ടിൽ ക്വരറ്റ്ഷ്കീലിയയിലൂടെ നാപോളി ലീഡ് ഇരട്ടിയാക്കി.
ഇതിനു ശേഷം ഡി മരിയ യുവന്റസിനായി ഒരു ഗോൾ മടക്കി. ഈ ഗോൾ വന്നതോടെ യുവന്റസിന് പ്രതീക്ഷ വന്നെങ്കിലും നാപോളിയുടെ ശക്തി കൂടുകയെ ചെയ്തുള്ളൂ. 55ആം മിനുട്ടിൽ അനിർ റഹ്മാനിയിലൂടെ നാപോളിയുടെ മൂന്നാം ഗോൾ. ആ ക്ഷീണം തീരും മുമ്പ് ഒസിമൻ വീണ്ടും വലകുലുക്കി. 72ആം മിനുട്ടിൽ എൽമാസിന്റെ ഗോൾ കൂടെ വന്നതോടെ വിജയം പൂർത്തിയായി.
ഈ വിജയത്തോടെ ഒന്നാമതുള്ള നാപോളിയും രണ്ടാമതുള്ള യുവന്റ്സും തമ്മിലുള്ള പോയിന്റ് വ്യത്യാസം 10 ആയി ഉയർത്തി. നാപോളി 47 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു.