സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം ആവേശകരമായി മുന്നോട്ടു പോവുകയാണ്. ഇന്ന് വീണ്ടും വലിയ വിജയവുമായി നാപോളി മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഈ വിജയത്തോടെ നാപോളി ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം അവസാന റൗണ്ടിലും ആവേശകരമാകും എന്ന് ഉറപ്പിച്ചു. ഇന്ന് ഫിയൊറെന്റിനയെ നേരിട്ട നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയിച്ചത്. രണ്ടാം പകുതിയിൽ പിറന്ന ചുവപ്പു കാർഡാണ് നാപോളിക്ക് അനുകൂലമായി കളി മാറ്റിയത്.
ആദ്യ 56 മിനുട്ട് വരെ കളി ഗോൾരഹിതമായിരുന്നു. എന്നാൽ 56ആം മിനുട്ടിലെ പെനാൾട്ടി കളി നാപോളിക്ക് അനുകൂലമാക്കി. പെനാൾട്ടി എടുത്ത ഇൻസൈനിക്ക് ലക്ഷ്യം കണ്ടെത്താൻ ആയില്ല എങ്കിലും റീബൗണ്ടിലൂടെ താരം പന്ത് വലയിൽ എത്തിച്ചു. പിന്നീട് നാപോളിയെ തടയാൻ ആയില്ല. 67ആം മിനുട്ടിലെ ഒരു സെൽഫ് ഗോൾ നാപോളിയുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.
ഈ വിജയത്തോടെ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നാപോളി. നാപോളിക്ക് 37 മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണ് ഉള്ളത്. ഈ വിജയം യുവന്റസിനെയാണ് കാര്യമായി ബാധിക്കുക. 37 മത്സരങ്ങളിൽ 75 പോയിന്റുമായി യുവന്റസ് ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പില്ലാതെ നിൽക്കുകയാണ്. 36 മത്സരങ്ങളിൽ 75 പോയിന്റുള്ള മിലാന് ഇന്ന് കലിയരിക്ക് എതിരെ മത്സരമുണ്ട്. അറ്റലാന്റയും ഇന്റർ മിലാനും ആണ് ഇതിനകം തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച ക്ലബുകൾ.