വീണ്ടും ഗോളടിച്ച് കൂട്ടി നാപോളി രണ്ടാം സ്ഥാനത്ത്, യുവന്റസ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ മങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം ആവേശകരമായി മുന്നോട്ടു പോവുകയാണ്‌. ഇന്നലെ വീണ്ടും വലിയ വിജയവുമായി നാപോളി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഉഡിനെസെയെ നേരിട്ട നാപോളി എകപക്ഷീയായ വിജയം തന്നെ ആണ് നേടിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു നാപോളിയുടെ വിജയം. തുടക്കം മുതൽ നാപോളിയുടെ പൂർണ്ണ ആധിപത്യം ആണ് കാണാൻ ആയത്‌. ആദ്യ 31 മിനുട്ടിൽ തന്നെ നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

28ആം മിനുട്ടിൽ സിയെലെൻസ്കിയുടെ വക ആയിരുന്നു നാപോളിയുടെ ആദ്യ ഗോൾ‌ പിന്നാലെ 31ആം മിനുട്ടിൽ സിയെലൻസ്കിയുടെ അസിസ്റ്റിൽ നിന്ന് റുയിസ് രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഗോൾ മടക്കാൻ ഉഡിനെസക്ക് ആയി. ഒകാകയുടെ വക ആയിരുന്നു ഗോൾ.

എന്നാൽ രണ്ടാം പകുതിയിൽ തുടരെ ഗോളടിച്ച് നാപോളി മത്സരം തങ്ങളുടേതാക്കി മാറ്റി. 56ആം മിനുട്ടിൽ ലൊസാനോ, 66ആം മിനുട്ടിൽ ലൊറെൻസോ, 90ആം മിനുട്ടിൽ ഇൻസിനെ എന്നിവർ നാപോളിക്ക് വേണ്ടി ഗോൾ നേടി. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നാപോളി. നാപോളിക്ക് 37 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണ് ഉള്ളത്. പിറകിൽ ഉള്ള മിലാനും അറ്റലാന്റയ്ക്കും 72 പോയിന്റ് ആണ് ഉള്ളത്. ഈ രണ്ടു ടീമുകളും ഒരു മത്സരം കുറവാണ് കളിച്ചത്. അഞ്ചാമതുള്ള യുവന്റസിന് 69 പോയിന്റ് മാത്രമാണ് ഉള്ളത്. യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യത ഒരോ മത്സരം കഴിയും തോറും വിദൂരത്ത് ആവുകയാണ്‌.