ക്രീമോണിസെക്കെതിരായ സെരി എ മത്സരത്തിലെ തോൽവിക്ക് പിന്നാലെ റഫറിയോട് അപമര്യാദയായി പെരുമാറിയ റോമാ പരിശീലകൻ ജോസെ മൗറിഞ്ഞോക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. കഴിഞ്ഞ ആഴ്ചയിൽ നടന്ന മത്സരത്തിൽ 2-1നാണ് റോമാ ക്രീമോണിസെക്കെതിരെ പരാജയപ്പെട്ടത്.
സീസണിൽ ക്രീമോണിസെയുടെ ആദ്യം ജയം കൂടിയായിരുന്നു ഇത്. തുടർന്ന് നാലാം റഫറിയോട് തർക്കിച്ചു മൗറിഞ്ഞോക്ക് റഫറി ചുവപ്പ് കാർഡ് കാണിച്ചിരുന്നു. കൂടാതെ മത്സരം ശേഷം റഫറിയുടെ റൂമിൽ പ്രവേശിച്ച മൗറിഞ്ഞോ റഫറിമാരോട് മോശം രീതിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് 10,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.
തുടർന്നാണ് മൗറിഞ്ഞോക്ക് 2 മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ സെരി എ തീരുമാനിച്ചത്. ഇത് ഈ സീസണിൽ മൗറിഞ്ഞോയുടെ മൂന്നാമത്തെ ചുവപ്പ് കാർഡ് ആയിരുന്നു. മൗറിഞ്ഞോക്ക് ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ മാധ്യമ പ്രവർത്തകരോട് ക്ലബ്ബിന്റെ ഭാഗത്ത്നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ലെന്നും റോമാ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇൻസ്റ്റാഗ്രാമിൽ വിലക്കിനെതിരെ പ്രതികരണവുമായി മൗറിഞ്ഞോ വിലങ്ങ് അണിയിച്ച രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തു പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.