പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധമാണ് ഇറ്റലിയിൽ എ സി മിലാൻ വിജയക്കുതിപ്പ് തുടരുന്നത്. തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികളും മോശം ഫോമും അതിജീവിച്ച മിലാൻ മുൻ താരം ഗട്ടൂസോയുടെ കീഴിൽ പതിയെ തിരികെ വരികയാണ്. യൂറോപ്പയിൽ നിന്നും തൊട്ടു പുറത്തായെങ്കിലും ജനുവരിക്ക് ശേഷം മികച്ച പ്രകടനമാണ് മിലാൻ കാഴ്ചവെക്കുന്നത്.
2012 ശേഷം ഇതാദ്യമായാണ് തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മിലാൻ മൂന്നോ അതിലധികമോ ഗോളടിക്കുന്നത്. പിയാറ്റിക്കിന്റെയും കേസ്സിയുടെയും കാസ്റ്റിലെഹോയുടെയും ഗോളിന്റെ പിൻബലത്തിൽ മിലാൻ എംപോളിയെ ഇന്ന് പരാജയപ്പെടുത്തി. കാലിയാരിയെ 3-0 ത്തിനും അറ്റലാന്റായെ 3-1 നുമാണ് മിലാൻ പരാജയപ്പെടുത്തിയത്.
ചെൽസിയിലേക്ക് പോയ ഗോൺസാലോ ഹിഗ്വെയിന് പകരക്കാരനായി എത്തിയ പോളിഷ് താരം ക്രിസ്റ്റോഫ് പിയട്ടെക്ക് മികച്ച ഫോമിലാണ്. ജനുവരിയിൽ മിലാനിൽ എത്തിയ ബ്രസീലിയൻ താരം ലൂക്കസ് പക്വെറ്റയും ക്രുറ്റോണും മിലാനു കരുത്താകുന്നു. അറ്റാക്കിങ് മാത്രമല്ല പ്രതിരോധവും ഒരു പോലെ മികച്ചു നിൽക്കുന്നുണ്ട് മിലാനിൽ. 2014. നു ശേഷം ഹോം മത്സരങ്ങളിൽ തുടർച്ചയായ മൂന്നു ക്ലീൻ ഷീറ്റ് ആദ്യമായിട്ടാണ്.