റാഫേൽ ലിയോയുമായി കരാർ ചർച്ചകൾ പുനരാരംഭിക്കാൻ മിലാൻ

20221018 162951

മുന്നേറ്റ നിരയുടെ കുന്തമുനയായി മാറിയ പോർച്ചുഗീസ് താരം റാഫേൽ ലിയോയുമായി വീണും കരാർ പുതുക്കൽ ചർച്ചകൾ നടത്താൻ എസി മിലാൻ. താരത്തിന്റെ പിതാവുമായും ചർച്ചകൾ നടത്തുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീമിൽ തുടരാൻ സന്നദ്ധനായ താരവും പുതിയ കരാറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇരുപത്തിമൂന്ന്കാരന്റെ നിലവിലെ കരാർ 2024ഓടെ അവസാനിക്കും. നേരത്തെ ചെൽസി താരത്തിന് പിറകെ ഉണ്ടെന്ന സൂചനകൾ വന്നിരുന്നു. അടുത്ത ട്രാൻസ്ഫർ വിൻഡോയിലും ചെൽസിയിൽ നിന്നുള്ള നീക്കം പ്രതീക്ഷിക്കുന്ന മിലാൻ റിലീസ് ക്ലോസും ഉയർത്തി നൽകിയേക്കും. താരത്തിന്റെ വരുമാനത്തിലും കാര്യമായ വർധനവ് ഉണ്ടാകും. ഏഴു മില്യൺ വരെയുള്ള വാർഷിക വരുമാനം താരത്തിന് ലഭിച്ചേക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
20221018 162957

നേരത്തെയും ചർച്ചകൾക്ക് മിലാൻ തുനിഞ്ഞിരുന്നെങ്കിലും താരത്തിന്റെ ചില ആവശ്യങ്ങളിൽ തട്ടി മുടങ്ങുകയായിരുന്നു. സ്പോർട്ടിങ് ലിസ്ബൻ വിടാൻ സ്വന്തം പോക്കറ്റിൽ നിന്നും പണം ഇറക്കേണ്ടി വന്നിരുന്ന ലിയോക്ക് ഇതിന്റെ ഒരു ഭാഗം മിലാനിൽ നിന്നും ലഭിക്കണമെന്ന ആവശ്യമാണ് ഉള്ളത്. ഏകദേശം ഇരുപത് മില്യൺ ആണ് താരം ലിസ്ബണ് നൽകാൻ ഉള്ളത്‌. ആദ്യം ഇത് നിരാകരിച്ച മിലാൻ എന്നാൽ ഇതിൻറെ ഒരു ഭാഗം താരത്തിന്റെ വരുമാനത്തിന്റെ ഭാഗമായി ചേർത്ത് നൽകാൻ തയ്യാറായേക്കും എന്നാണ് സൂചനകൾ. ഏതായാലും താങ്ങാളുടെ മികച്ച താരങ്ങളിൽ ഒരാളെ എന്ത് വില കൊടുത്തും ടീമിൽ നില നിർത്താൻ തന്നെയാണ് മിലാന്റെ നീക്കം.