എ സി മിലാന്റെ ഇറ്റലിയിലെ ജൈത്രയാത്ര തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ബെനവെന്റോയെ ആണ് എ സി മിലാൻ തോൽപ്പിച്ചത്. ഇന്ന് പകുതിയിൽ അധികം സമയവും 10 പേരുമായി കളിച്ചിട്ടാണ് സുഖകരമായ 2-0ന്റെ വിജയം എ സി മിലാൻ സ്വന്തമാക്കിയത്. എവേ മത്സരത്തിൽ ആദ്യ പകുതിയുടെ 15ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കെസ്സി ആണ് മിലാന് ലീഡ് നൽകിയത്. ആ ലീഡിൽ സന്തോഷിച്ച് നിന്ന മിലാന് 34ആം മിനുട്ടിൽ ആണ് ചുവപ്പ് കാർഡിന്റെ ഷോക്ക് ലഭിച്ചത്.
ടൊണാലി ആണ് ചുവപ്പ് കിട്ടി പുറത്ത് പോയത്. എന്നിട്ടും പതറാതെ കളിക്കാൻ മിലാന് ആയി. രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ റെബികിന്റെ പാസിൽ നിന്ന് ലിയീ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 61ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഒരു ഗോൾ മടക്കാൻ ബെനവെന്റോയ്ക്ക് ആകുമായിരുന്നു എങ്കിലും പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. ഈ വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്. രണ്ടാമതുള്ള ഇന്റർ മിലാനേക്കാൾ 1 പോയിന്റിന്റെ മാത്രം ലീഡേ എ സി മിലാന് ഉള്ളൂ.