ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ പിറകോട്ട് പോകാതെ ഇന്റർ മിലാൻ. ഇന്ന് അവർ ലീഗിലെ തുടർച്ചയായ എട്ടാം വിജയമാണ് നേടിയത്. ഇന്ന് ക്രൊട്ടോണയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ഒരു ഘട്ടത്തിൽ മത്സരം 2-2 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്നാണ് ലൗട്ടാരോയുടെ ഹാട്രിക്കിൽ കളി ഇന്റർ മിലാൻ കൊണ്ടു പോയത്.
20, 57, 78 മിനുറ്റുകളിൽ ആയിരുന്നു മാർട്ടിനെസിന്റെ ഗോളുകൾ. ആദ്യ പകുതിയിൽ 11ആം മിനുട്ടിൽ സനലെറ്റോയുടെ ഗോളിലൂടെ ക്രൊട്ടോണ ആണ് ലീഡ് എടുത്തത്. ലൗട്ടാരോയുടെയും പിന്നെ ഒരു സെൽഫ് ഗോളും വന്നപ്പോൾ ഇന്റർ 31ആം മിനുട്ടിലേക്ക് മുന്നിൽ എത്തി. പക്ഷെ 36ആം മിനുട്ടിലെ പെനാൾട്ടി വീണ്ടും സന്ദർശകരെ ഒപ്പം എത്തിച്ചി. പക്ഷെ ഈ ഗോളിന് ശേഷം കളി മാറി.
രണ്ടാം പകുതിയിൽ തീർത്തും ഇന്റർ ആധിപത്യം ആയിരുന്നു. മാർട്ടിനെസിന്റെ ഹാട്രിക്കിന് ഒപ്പം ലുകാകുവും ഹകീമിയും ഒരോ ഗോൾ കണ്ടെത്തിയപ്പോൾ ഇന്റർ വലിയ വിജയം തന്നെ ഉറപ്പിച്ചു. ഈ വിജയത്തോടെ ഇന്റർ മിലാന് 15 മത്സരങ്ങളിൽ നിന്ന് 36 പോയിന്റായി. 34 പോയിന്റുമായി നിൽക്കുന്ന എ സി മിലാനെ തൽക്കാലം ഇന്റർ മറികടന്നു ഒന്നാമത് എത്തി. എങ്കിലും ഒരു മത്സരം കുറവാണ് എ സി മിലാൻ കളിച്ചത്.